അബുദാബി- വാഹനത്തിനകത്ത് സാനിറ്റൈസറുകളും ഗ്ലൗസുകളും കുറേസമയം വെക്കുന്നതിന്റെ അപകടത്തെ കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ്. സാനിറ്റൈസറുകളും ഗ്ലൗസുകളും എളുപ്പം തീപ്പിടിക്കുമെന്നതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാനിടയുള്ള സ്ഥലത്ത് കുറേ സമയം വാഹനം നിര്‍ത്തുന്നത് കാര്‍ മൊത്തം കത്തിനശിക്കാന്‍ ഇടയാക്കുമെന്നും പോലീസ് അറിയിച്ചു.
സാനിറ്റൈസറുകളില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നതിനാല്‍ തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇവ കാറിനകത്ത് കൂടുതല്‍ സമയം വെക്കാതെ ശ്രദ്ധിക്കണം. സ്വയം പ്രതിരോധ വസ്തുക്കള്‍ സുരക്ഷിതമായി ഉപയോഗിക്കല്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും പോലീസ് അധികൃതര്‍ ഓര്‍മിപ്പിച്ചു. പാര്‍ക്ക് ചെയ്ത കാറുകളില്‍, പ്രത്യേകിച്ചും സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഗ്ലാസുകള്‍ പൂര്‍ണമായും അടച്ചിടരുതെന്നും പോലീസ് അഭ്യര്‍ഥിച്ചു. വേഗത്തില്‍ തീപ്പിടിക്കാന്‍ സാധ്യതയുള്ള പെര്‍ഫ്യൂം, ലൈറ്റര്‍ തുടങ്ങിയ വസ്തുക്കളും ചൂടുള്ള കാലാവസ്ഥയില്‍ വാഹനങ്ങളില്‍ വെക്കാതെ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് ഓര്‍മപ്പെടുത്തി. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകിയ ഉടന്‍ അടുക്കളയില്‍ പാചകം ചെയ്യാന്‍ തുനിയരുത്. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതില്‍ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി പോലീസ് ഉണര്‍ത്തി.