അബുദാബി- വാഹനങ്ങളില്‍നിന്ന് മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഡ്രൈവര്‍മാരില്‍നിന്ന് 1000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. നിയമലംഘനം പരിശോധിക്കാന്‍ ആറ് ട്രാഫിക് പോയന്റുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ജൂണ്‍ ആദ്യത്തില്‍ അജ്മാന്‍ പോലീസും ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ പാത പിന്തുടര്‍ന്ന് 1000 ദിര്‍ഹം പിഴ ഈടാക്കുനും ആറ് ബ്ലാക്ക് പോയന്റ് രേഖപ്പെടുത്താനും തയാറാക്കിയിരിക്കുകയാണ് അബുദാബി പോലീസ്. കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് എമിറേറ്റ്‌സിലെ പോലീസ് സേന മാത്രമാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ പിഴ രാജ്യവ്യാപകമായ സംരംഭമാണോ എന്ന് വ്യക്തമല്ല. മാസ്‌കുകള്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ വെക്കുകയും പിന്നീട് ഡെസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുകയുമാണ് വേണ്ടതെന്ന് പോലീസ് ആരോഗ്യ സുരക്ഷ സമിതി മേധാവി ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് മുബാറക് അല്‍ഗഫ്‌ലി പറഞ്ഞു. ഉപയോഗിച്ച മാസ്‌കുകള്‍ ഉപേക്ഷിച്ചശേഷം നന്നായി കൈ കഴുകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോഗിച്ച മാസ്‌കുകള്‍ വലിച്ചെറിയുമ്പോള്‍ അതില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് വഴി കൊറോണ വൈറസ് പടരാന്‍ സാധ്യത വളരെ കൂടുതലാണെന്നും ലെഫ്. കേണല്‍ അല്‍ഗഫ്‌ലി വിശദീകരിച്ചു. വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കല്‍ സമൂഹത്തില്‍ ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.