Sorry, you need to enable JavaScript to visit this website.

വീണ്ടും പറക്കാൻ തയ്യാർ; കോവിഡ് മുക്തയായ വനിതാ പൈലറ്റ് ഡിസ്ചാർജ് ആയി

കൊച്ചി- കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന എയർ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. പ്രവാസികളെ വിദേശ രാജ്യങ്ങളിൽ നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു എറണാകുളം തേവര സ്വദേശിയായ ഈ വനിത പൈലറ്റ്. ഏറ്റവും മികച്ച ചികിൽസയാണ് എറണാകുളം മെഡിക്കൽ കോളജിൽ നിന്നും ലഭിച്ചതെന്ന് ബിന്ദു സെബാസ്റ്റ്യൻ പറഞ്ഞു. മികച്ച ചികിൽസയും പരിചരണവും നൽകിയ ആരോഗ്യ വകുപ്പിനും എറണാകുളം മെഡിക്കൽ കോളജിനും നന്ദി പറയുന്നു. എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ തന്നെ എല്ലാവരും ചികിൽസ തേടേണ്ടതാണ്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തിൽ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യൻ വ്യക്തമാക്കി.യുഎഇയിൽ നിന്നും കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനിൽ ബിന്ദു സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. അതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന് രോഗം സ്ഥിരീകരിച്ചത്. ഉടൻ തന്നെ എറണാകുളം മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റാക്കുകയും മികച്ച ചികിൽസ നൽകുകയും ചെയ്തു.പ്രവാസികളെ കൊണ്ടുവരാനായി വിമാന ജീവനക്കാർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.മറ്റുള്ളവരെ എത്തിക്കുന്നതിനിടെ അവരുടെ സുരക്ഷയും വളരെ പ്രധാനമാണ്. സംസ്ഥാനത്ത് നിന്നും പോകുന്ന വിമാന ജീവനക്കാർക്ക് കൊവിഡിനെ പ്രതിരോധിക്കാൻ മികച്ച പരിശീലനമാണ് നൽകുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പ്രവാസികളെ കൊണ്ടു വരാനുള്ള ദൗത്യത്തിൽ പങ്ക് ചേർന്ന ബിന്ദു സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവർ കേരളത്തിന് അഭിമാനമാണ്. രോഗമുക്തി നേടിയ ബിന്ദു സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.എറണാകുളം മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലും പൾമണറി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, ആർഎംഒ ഡോ.ഗണേശ് മോഹൻ, മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ജേക്കബ് കെ ജേക്കബ്, അസോ. പ്രഫ. ഡോ. ബി റെനിമോൾ, നേഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ എന്നിവരാണ് ചികിൽസയ്ക്ക് നേതൃത്വം നൽകിയത്.

 

Latest News