നിലമ്പൂർ- സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയായ ഫസ്റ്റ്ബെല്ലിൽ ഇതാദ്യമായി മുണ്ടേരി വാണിയംപുഴ കോളനിയിലെ വിദ്യാർഥികൾ ഭാഗമായി. കഴിഞ്ഞ പ്രളയത്തിൽ വൈദ്യുതി നഷ്ടമായ കോളനിയിലെ വിദ്യാർഥികൾക്ക് അക്ഷരവെളിച്ചം ലഭിച്ചത് മുസ്ലിം യൂത്ത് ലീഗിന്റെ കാരുണ്യ പ്രവർത്തനത്താലാണ്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും, സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും കൈമാറിയ ടിവിയിലൂടെ ആദ്യമായി വിദ്യാർഥികൾ ഈ അധ്യയന വർഷത്തിന്റെ ഭാഗമായി. കോളനിയിലെ സോളാർ വൈദ്യുതി സംവിധാനവും, ഡി ടി എച്ചും, ഹോം തിയറ്റർ സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ടെലിവിഷനിലൂടെ കുട്ടികൾ ഫസ്റ്റ്ബെല്ലിന്റെ ഭാഗമാകുന്നത്.
കോളനിയിലെ വിദ്യാർഥികളുടെ ദുരവസ്ഥ മാധ്യമ വാർത്തകളിലൂടെ മനസിലാക്കിയാണ് യൂത്ത് ലീഗ് നേതാക്കൾ സ്മാർട്ട് ടിവിയും, ഡി ടി എച്ച് സംവിധാനവുമായി കോളനിയിലെത്തിയത്. കോളനിവാസികൾ താൽക്കാലികമായി നിർമിച്ച ചങ്ങാടത്തിലൂടെയാണ് ഇവർ കുത്തിയൊഴുകുന്ന ചാലിയാർ പുഴ മറികടന്ന് കാട്ടിലേക്കെത്തിയത്. 2019ലെ പ്രളയത്തിൽ വാണിയംപുഴ കോളനിയുടെ നല്ലൊരു ശതമാനം വീടുകളും തകർന്നിരുന്നു. ഇതേ തുടർന്ന് മറ്റൊരിടത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക്ക് ഷീറ്റ് കൂരകളിലാണ് ഇവിടെയുള്ള 34ഓളം കുടുംബങ്ങൾ കഴിയുന്നത്. വൈദ്യുതിയും, മൊബൈൽ നെറ്റ് വർക്കുമില്ലാതെ ഓൺലൈൻ ക്ലാസിന്റെ ഭാഗമാകാൻ സാധിക്കാത്ത വിഷമത്തിലായിരുന്നു കുട്ടികളും, രക്ഷിതാക്കളും. ഇവിടത്തെ ബദൽ സ്കൂൾ അധ്യാപകർ അടക്കം വിദ്യാർഥികൾക്ക് മതിയായ സൗകര്യമൊരുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഇതിനിടെയാണ് വാർത്തയറിഞ്ഞ് ടെലിവിഷനുമായി മുനവറലി തങ്ങളും, പി കെ ഫിറോസും എത്തുന്നത്.
ഒരാഴ്ച്ചയ്ക്ക് മുമ്പ് തുടങ്ങിയ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയിൽ നിന്ന് ഈ കുട്ടികൾ പൂർണമായും പുറത്തായിരുന്നു. സ്കൂൾ വിദ്യാഭ്യാസം അവകാശമായൊരു രാജ്യത്ത് ഈ കുട്ടികൾ അനുവഭിച്ചിരുന്നത് പൂർണമായ അവഗണനയാണ്. സ്വന്തമായി ലഭിച്ച ടിവിയിൽ ഇക്കൊല്ലം ആദ്യമായി പാഠഭാഗങ്ങൾ കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ചിരി തന്നെയാണ് ഈ പ്രവർത്തനത്തിന് യൂത്ത് ലീഗിന് ലഭിച്ച അംഗീകാരമെന്ന് മുനവറലി തങ്ങൾ പറഞ്ഞു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇതിനടുത്തുള്ള ഇരുട്ടുകുത്തി കോളനിയിലേക്കും ഒരു ടിവി നൽകാൻ മുസ്ലിം യൂത്ത് ലീഗ് തീരുമാനമെടുത്തതായി തങ്ങൾ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിൽ കോളനിയിലേക്കുള്ള നടപ്പാലം തകർന്നിരുന്നു. താൽക്കാലികമായി നിർമിച്ച പാലവും ഏതാനും ദിവസങ്ങൾക്കകം നശിച്ചിരുന്നു. ഇതേ തുടർന്ന് മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് ഇക്കരയ്ക്കുള്ള യാത്ര.
അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഈ കോളനികളിൽ പതിയേണ്ടതുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രളയദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി പ്രാദേശിക റോഡുകൾ നന്നാക്കുന്നതിനേക്കാളും പ്രാധാന്യവും, പരിഗണനയും ഈ കോളനയിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകേണ്ടതുണ്ട്. കൊറോണ പ്രതിസന്ധി അവസാനിച്ച് സ്കൂളുകൾ ആരംഭിച്ചാലും മഴക്കാലത്ത് കുത്തിയൊലിക്കുന്ന ഈ പുഴ കടന്ന് സ്കൂളുകളിലേക്ക് ഇവർക്ക് പോകാനാകില്ല. അതുകൊണ്ട് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ട് വേണ്ടപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് പി കെ ഫിറോസ് പറഞ്ഞു.
കോളനിയിലെ ജനമൈത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരുടേയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും സഹകരണത്തോടെയാണ് ടെലിവിഷൻ കൈമാറിയത്. ജനമൈത്രി എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ പി രാമചന്ദ്രൻ, പി കെ സുരേഷ് കുമാർ, വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം ശശികുമാർ, എം എസ് എഫ് ദേശീയ അധ്യക്ഷൻ ടി പി അഷറഫലി, ബദൽ സ്കൂൾ അധ്യാപകരായ അബ്ദുൽ ഗഫൂർ, ഉമ്മുൽ വാഹിദ, നിലമ്പൂർ മണ്ഡലം യൂത്ത് ലീഗ് അധ്യക്ഷൻ സി എച്ച് കരീം, ജനറൽ സെക്രട്ടറി ഡോ അൻവർ ഷാഫി ഹുദവി, അബ്ദുൽ ഹക്കീം, ഡോ.സൈനുൽ ആബിദീൻ ഹുദവി എന്നിവർ സംബന്ധിച്ചു.