മുസ്ലിംകള്‍ക്ക് പ്രാര്‍ഥിക്കാന്‍ പള്ളികള്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതിയില്‍ ബോധിപ്പിച്ച സര്‍ക്കാരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്. ബാബരി മസ്ജിദായാലും മറ്റു പള്ളികളായാലും പൊളിച്ചുനീക്കാമെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. അതുകൊണ്ടുതന്നെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കുന്നത് മുസ്്‌ലിംകളേക്കാള്‍ മറ്റു മതനേതാക്കളായിരിക്കാമെന്ന കാര്യത്തില്‍ സംശയമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തതിനാല്‍ അതിന്റെ വിഷമതകള്‍ അനുഭവിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ഈയിടെ പറഞ്ഞിരുന്നു.
ഇസ്ലാമില്‍ പള്ളികള്‍ക്കും സമൂഹ പ്രാര്‍ഥനകള്‍ക്കും ഒഴിച്ചകൂടാനാവാത്ത സ്ഥാനമാണുള്ളതെങ്കിലും പള്ളിയില്‍ പോകാതെയും ഒരാള്‍ക്ക് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാം.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
പള്ളികള്‍ അല്ലാഹുവിന്റെ ഭൂമിയിലെ അല്ലാഹുവിന്റെ ഭവനങ്ങള്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പള്ളി നിര്‍മാണവും പരിപാലനവും ഇസ്ലാമില്‍ പുണ്യകരവുുമാണ്. പള്ളികളുടെ ഉദ്ദേശം ദൈവാരാധനയാണ്. അല്ലാഹുവിന്റെ പള്ളികളില്‍ ദൈവ സ്മരണ തടയുക എന്നത് വലിയ പാപമായും ഇസ്ലാം കരുതുന്നു. അതേസമയം, പള്ളികള്‍ കേവലം ആരാധനാലയമല്ലതാനും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം പള്ളികള്‍ തുറക്കേണ്ടതില്ലെന്ന മഹല്ല് കമ്മിറ്റികളുടേയും ഇമാമുമാരുടേയും തീരുമാനത്തെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സ്വാഗതം ചെയ്യുകയാണ്. പ്രശസ്ത എഴുത്തുകാരന്‍ സഖറിയ ഫേസ് ബുക്കില്‍ ഇക്കാര്യം എടുത്തു പറഞ്ഞു.
ഇക്കാലത്ത് നമുക്ക് ദൃശ്യമാകുന്നില്ലെങ്കിലും മുന്‍തലമുറക്ക് പള്ളികള്‍ നമസ്‌കാരത്തിനുള്ള ഇടം മാത്രമായിരുന്നില്ല. യഥാര്‍ഥത്തില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓരോ മഹല്ലിലും സ്വീകരിക്കേണ്ട ജാഗ്രതാ നടപടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കേണ്ടിയിരുന്നത് പള്ളികളിലായിരുന്നു. സാമൂഹിക ജീവതത്തില്‍ പള്ളികള്‍ക്കുണ്ടായിരുന്ന സ്ഥാനം വിസ്മരിച്ച് ഇന്ന് കമ്മിറ്റികള്‍ കേവലം മഹല്ലുകളിലെ പണക്കാരേയും പ്രമാണിമാരേയും ഭാരവാഹികളാക്കുന്ന തരത്തിലേക്ക് മാത്രം മാറിയിരിക്കുന്നു.
പള്ളിയില്‍ പോയി പറ എന്ന പ്രയോഗം ഇന്നും നിലവിലുണ്ട്. ആരും പള്ളിയില്‍ പോയി പറയുന്നില്ലെന്ന് മാത്രം. നാട്ടിലെ പൗരപ്രമാണികളും കാരണവന്‍മാരും കൂടി പള്ളി കോലായയില്‍ ഇരുന്ന് പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പിച്ചിരുന്ന കാലത്തെ കുറിച്ചാണ് ഈ പ്രയോഗം സൂചന നല്‍കുന്നത്.
മുസ്‌ലിമിന്റെ ജീവിതത്തിലെല്ലായിടത്തും ഒഴിച്ച് കൂടാനാവാത്ത ഘടകമായി നില കൊള്ളേണ്ടതാണ് പള്ളികള്‍. ഓരോ വ്യവഹാരത്തിലും പള്ളി വിശ്വാസികളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. തങ്ങളുടെ നമസ്‌കാരം നിര്‍വഹിക്കാനുള്ള ഇടം എന്നതിലപ്പുറം സാമൂഹികമായി സാമുദായിക ശാക്തീകരണത്തിന്റെ പ്രഭവ കേന്ദ്രമായി പള്ളികള്‍ വര്‍ത്തിക്കേണ്ടതുണ്ട്.
മഹല്ലിലെ സ്ത്രീകളെ പോലും കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി ശാക്തീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച മഹല്ല് കമ്മിറ്റികളുണ്ടെന്ന കാര്യം വിസ്മരിക്കാവതല്ല. മഹല്ലുകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും ഇപ്പോള്‍ സജീവമാകുന്നുണ്ട്.
പ്രവാചകന്റെ അനുയായികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ പ്രചാരണം നടത്തിയത് പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു. വിവിധ നഗരങ്ങളില്‍ സഹാബികളുടെ നാമധേയത്തില്‍ മസ്ജിദുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. മാലിക്ബ്‌നു ദീനാറും കൂട്ടരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ നിര്‍മിച്ചാണ് പ്രബോധനം നിര്‍വഹിച്ചത്.
പഴയ പള്ളികളുടെ നിര്‍മാണരീതി പരിശോധിച്ചാല്‍ മുന്‍ഗാമികള്‍ക്ക് പള്ളി അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അത് അവരുടെ ഭൗതിക ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ടിരുന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കും.
അകത്തേ പള്ളി , പുറത്തെ പള്ളി, അതിന്റെ ഇരു ഭാഗങ്ങളിലും ഓരോ ചെരു, മുന്‍ ഭാഗത്ത് വഖഫ് ചെയ്യപ്പെടാത്ത ഒരുകോലായ, പള്ളിക്കുളം, പൊതു ബാത്ത്‌റൂം ഇതായിരുന്നു ഒരു സാധാരണ രീതിയിലുള്ള പള്ളിയുടെ ഘടന. പാടത്തും പറമ്പത്തും ജോലി ചെയ്തിരുന്ന കര്‍ഷകരും മറ്റും പണി നിര്‍ത്തി പള്ളിക്കുളത്തില്‍ നിന്ന് കുളിച്ച് നമസ്‌കരിച്ച് ചെരുവില്‍ അല്‍പം വിശ്രമിച്ച് വീണ്ടും പണിക്കിറങ്ങിയിരുന്ന സമൂഹമാണ് അക്കാലത്ത് നിലനിന്നിരുന്നത്. മാത്രമല്ല വിവാഹമോചനം, കുടുംബതര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങി സമൂഹത്തിന്റെ വിവിധപ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയായിരുന്നു പള്ളികള്‍.
പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്ന പ്രയോഗത്തിനു നടക്കാത്ത കാര്യങ്ങള്‍ പറയാനുള്ള സ്ഥലമാണ് പള്ളികള്‍ എന്നാണു സമൂഹം ഇപ്പോള്‍ നല്‍കി വരുന്ന അര്‍ഥം.
പള്ളികള്‍ സന്മാര്‍ഗം നല്‍കുന്ന കാര്യത്തില്‍ ശ്യൂന്യമാകുമെന്ന്
ഒരു കാലത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവാചക കാലത്തു വിഷമിക്കുന്ന മനസ്സുമായി പള്ളിയിലെത്തിയ ആള്‍ സന്തോഷത്തോടെ തിരിച്ചു പോയിരുന്നു. മനുഷ്യരുടെ ഈ ലോകത്തെ പ്രശ്‌നങ്ങള്‍ക്കും അവിടെ പരിഹാരം കണ്ടിരുന്നു. പക്ഷെ അധികം പള്ളികളിലും പരലോകം മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പോയി തന്നെ നമസ്‌കരിക്കണമെന്ന കടുംപിടിത്തത്തേക്കള്‍ ഇപ്പോള്‍ അനിവാര്യമായിരിക്കുന്നത് ഓരോ മഹല്ല് കമ്മിറ്റിയും കോവിഡ് സമൂഹ വ്യാപനത്തിനെതിരായ ജാഗ്രത പുലര്‍ത്തുകയാണ്. മനുഷ്യര്‍ ബാക്കിയായിട്ടുവേണ്ടേ ജമാഅത്ത് നമസ്‌കാരമെന്ന പണ്ഡിതന്മാരുടെ ചോദ്യം പ്രസക്തമാണ്. കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരുമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരേക്കാള്‍ ജാഗ്രത ഉറപ്പുവരുത്താനും വീട്ടുനിരീക്ഷണം ഉറപ്പുവരുത്താനും സാധിക്കുക മഹല്ലു കമ്മിറ്റികള്‍ക്കും അവിടത്തെ ജനങ്ങള്‍ക്കുമായിരിക്കും.
പള്ളിക്കമ്മിറ്റികള്‍ കൂടുതല്‍ സാമൂഹിക മാനം കൈവരിക്കുകയും പള്ളികള്‍ ജനകീയമാകുകയും വേണം. ഓരോ മഹല്ലിലും ശാക്തീകരണത്തിന്റെ അടിസ്ഥാനമായി ഇതു മാറണം. ഇസ്ലാം വിശാലമാണെന്നതുകൊണ്ടു തന്നെ ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശാലമാകണം. പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന പരിഹാസ വാചകത്തില്‍നിന്ന് അതിനെ ശരിയായ അര്‍ഥത്തിലേക്ക് കൊണ്ടു വരാന്‍ വിശ്വാസികള്‍ക്ക് കഴിയും.