കൊച്ചി- കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ചര്‍ച്ചുകള്‍ തുറക്കാനുള്ള തീരുമാനത്തിന് എതിരെ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ സംഘടന. പതിനഞ്ച് ദിവസത്തേക്ക് കൂടി ക്രിസ്ത്യന്‍ പള്ളികള്‍ തുറക്കരുതെന്നും കോവിഡ് മാര്‍ഗരേഖ അനുസരിച്ച് ആരാധനാലയങ്ങളില്‍ ഇടപെടാനാകില്ലെന്നും അങ്കമാലി അതിരൂപത സംരക്ഷണ സമിതി ബിഷപ്പിന് കത്ത് നല്‍കി. സീറോമലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളാണ് ഈ ആവശ്യം ഉന്നയിച്ചത്.
ലോകത്ത് കോവിഡിന്റെ സമൂഹ വ്യാപനത്തിന് തുടക്കമിട്ടത് ആരാധനലായങ്ങള്‍ വഴിയാണ്. നിലവിലെ തീരുമാനം വലിയ ആശങ്കയ്ക്ക് ഇടയാക്കും.വൈറസ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും ബിഷപ്പ് ആന്റണി കരിയലിന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.ഇതേതുടര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിഷപ്പ് ഫെറോന വികാരിമാരുടെ യോഗം വിളിച്ചുചേര്‍ത്തു. ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പള്ളികള്‍ തുറക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി.