Sorry, you need to enable JavaScript to visit this website.

റേഷന്‍ കട തകര്‍ത്ത് കാട്ടാനയും കുട്ടിയാനയും; ഗര്‍ഭിണിയെ കൊന്നതിന് പ്രതികാരമെന്ന് സമൂഹമാധ്യമങ്ങള്‍

ഗുഡലൂര്‍- സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ശേഷം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ് മറ്റൊരു കാട്ടാനയും കുട്ടിയാനയും. 
പന്തലൂരിനടുത്ത് കുന്നലാടിയിലാണ് സംഭവം. നാട്ടിലിറങ്ങിയ കാട്ടാനയും കുട്ടിയാനയും ചേര്‍ന്ന് ഗ്രാമത്തിലെ റേഷന്‍ കട തകര്‍ത്ത് അരിയും പഞ്ചസാരയും ഉപ്പും കഴിച്ചു. പുലര്‍ച്ചയോടെ ഇവിടെയെത്തിയ ആനകള്‍ മുന്‍വശത്തെ ഇരുമ്പ് ഷട്ടറിന്റെ ഒരുഭാഗം പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.കുട്ടിയാനയാണ് കടയ്ക്കുള്ളിലെ മേശകളും മറ്റ് വസ്തുക്കളും നശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ താലൂക്ക് സപ്ലൈ ഓഫീസര്‍ ശരവണന്‍ പരിസരത്ത് പരിശോധന നടത്തി. കുന്തലാടിയ്ക്കടുത്തുള്ള കരിയശോല വനങ്ങളില്‍ നിന്നാണ് കാട്ടാനയിറങ്ങിയത്. റേഷന്‍ കടയ്ക്ക് പുറമേ താണിമൂല, ഓര്‍ക്കടവ് ഭാഗത്തെ കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചു. കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ഭൂമിയിപ്പോള്‍. ഇവ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തുന്നതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ചരിഞ്ഞ കാട്ടാനയുടെ മരണത്തെ ചേര്‍ത്തുവച്ചാണ് ആനകളുടെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്നതാണ് മറ്റൊരു വാസ്തവം. ചരിഞ്ഞ ഗര്‍ഭിണിയായ ആനയ്ക്ക് വേണ്ടി പ്രതികാരം ചെയ്യാനെത്തിയതാണ് കാട്ടാനയും കുട്ടിയും എന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന കമന്റുകള്‍.
 

Latest News