കൊച്ചി- ലോക്ഡൗൺ ഇളവുകൾക്ക് അനുസൃതമായി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂൺ ഒമ്പതിന് പ്രവർത്തനമാരംഭിക്കും. മാർച്ച് 24 ന് പ്രവർത്തനം നിർത്തിവെച്ച മാളുകൾ രണ്ടര മാസങ്ങൾക്ക് ശേഷമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. എന്റർടെയിൻമെന്റ് സോണുകളുടേയും, സിനിമാ തിയേറ്ററുകളുടേയും സേവനങ്ങൾ നിർത്തിവെച്ചിരിക്കുന്നത് മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ തുടരും. ലോക്ഡൗണിന് ശേഷം ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഒരു ഷോപ്പിംഗ് ഉറപ്പുവരുത്താനുള്ള തയാറെടുപ്പിലാണ് ലുലു മാനേജ്‌മെന്റ്. പുനരാരംഭത്തിന് മുന്നോടിയായി എല്ലാ സ്‌റ്റോറുകളും ഏറ്റവും മികച്ച രീതിയിൽത്തന്നെ ശുചിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മാളിലെ പൊടിയുടെ സാന്നിധ്യം കഴിയാവുന്നത്ര കുറയ്ക്കുവാനായി എ.സി യൂണിറ്റുകൾ, എക്‌സ്‌ഹോസ്റ്റ് ഫാനുകൾ, മറ്റ് ഫിൽറ്ററുകൾ എന്നിവ സ്ഥിരമായി വൃത്തിയാക്കുന്നുണ്ട്. തിരിച്ചറിയപ്പെട്ട റെഡ് സോണുകളിൽ നിന്നുമുള്ള പ്രാതിനിധ്യം പൂർണമായും ഒഴിവാക്കുവാനായി എല്ലാ ഉപഭോക്താക്കളും, റീട്ടെയിലർമാരും, വെന്റർമാരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.
മാളിനുള്ളിലെ പൊതു സ്ഥലങ്ങളും, ഉപഭോക്താക്കളുമായി സമ്പർക്കം വരുന്ന എല്ലായിടങ്ങളും സാനിറ്റേഷൻ ടീം ചെറിയ ഇടവേളകളിൽ അണുവിമുക്തമാക്കും. മാളിലുടനീളം സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഏതു സാഹചര്യത്തേയും നേരിടുന്നതിനും പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോൺസ് ടീം സദാ സമയവും പ്രവർത്തന നിരതരായിരിക്കും. മാളിലുടനീളം 1.5 മീറ്റർ അകലം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്റ്റിക്കറുകളും പോസ്റ്ററുകളും ഇതിനകം തന്നെ പതിച്ചുകഴിഞ്ഞു. ഇത് അവശ്യമായ സാമൂഹിക അകലം പാലിക്കുവാൻ ഉപഭോക്താക്കൾക്ക് സഹായകമായിരിക്കും.
ഇതിനോടൊപ്പം തന്നെ സാമൂഹ്യ അകലം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളും, മറ്റ് സർക്കാർ നിർദേശങ്ങളും മാളിന്റെ അനൗൺസ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ചെറിയ ഇടവേളകളിൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതാണ്.
മാളിലെ താപനില 24 ഡിഗ്രിയ്ക്കും 30 ഡിഗ്രിയ്ക്കുമിടയിൽ സജ്ജീകരിക്കും. മാളിനുള്ളിൽ മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണ്. 65 വയസ്സിന് മുകളിലുള്ള വ്യക്തികളും, ഗർഭിണികളായ സ്ത്രീകളും, 10 വയസ്സിന് താഴെയുള്ള കുട്ടികളും മാളിൽ പ്രവേശിക്കുന്നത് ഒഴിവാക്കും.