കൊച്ചി- മതംമാറിയവരെ തിരിച്ചുകൊണ്ടുവരാൻ എറണാകുളത്ത് പ്രവർത്തിക്കുന്ന യോഗ കൗൺസെലിംഗ് സെന്റർ പഞ്ചായത്തും പോലീസും ചേർന്ന് അടപ്പിച്ചു. ആവശ്യമായ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അടപ്പിച്ചത്. അതിനിടെ, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതിയും രംഗത്തെത്തി. രാം റഹീമുമാരെ സൃഷ്ടിക്കാനാണോ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. മിശ്ര വിവാഹത്തിൽനിന്ന് പിൻമാറാൻ ആവശ്യപ്പെട്ട് തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി ഇന്നലെ കോടതിയിൽ ഹരജി നൽകിയിരുന്നു. ഭർത്താവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ പെൺകുട്ടി സത്യവാങ്മൂലം നൽകുകയായിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് രൂക്ഷമായ പ്രതികരണങ്ങൾ കോടതി നടത്തിയത്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കോടതി നടത്തിയത്. റാം റഹീമുമാരെ സൃഷ്ടിക്കുന്നതിന് വേണ്ടിയാണോ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇതിനിടെയാണ് അനുമതിയില്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ സ്ഥാപനം ഉദയംപേരൂർ പഞ്ചായത്തും പോലീസും ഇടപെട്ട് പൂട്ടിയത്. യോഗ സെന്ററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചും നടത്തിയിരുന്നു.
അതേസമയം, കേസിൽ കോടതിയുടെ ഇടപെടലിനെ സർക്കാർ അഭിഭാഷകൻ എതിർത്തത് ശ്രദ്ധേയമായി. പോലീസ് അന്വേഷണം നടക്കുകയാണെന്നും ഇപ്പോൾ ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, തടവിലാക്കപ്പെട്ട പെൺകുട്ടി കോടതിയിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.
ലൈസൻസില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂർ പഞ്ചായത്ത് അറിയിച്ചു. 25 സ്ത്രീകളും 20 പുരുഷൻമാരും കൗൺസിലിങ്ങിനായി നിലവിൽ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം യോഗാ സെന്ററിനു മുന്നിൽ പോലീസ് തടഞ്ഞു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യോഗ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഘർവാപസി കേന്ദ്രത്തിന്റെ നടത്തിപ്പുകാരടക്കം ആറു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്ത തൃശൂർ സ്വദേശിയായ ആയുർവേദ ഡോക്ടറാണ് ഘർവാപസി കേന്ദ്രത്തിലെ ഞെട്ടിപ്പിക്കുന്ന പീഢനങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ജൂലൈ 31നാണ് എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് യോഗ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിൽ യുവതിയെ അടുത്ത ബന്ധു എത്തിക്കുന്നത്. ലുലു മാളിലേക്ക് എന്ന് പറഞ്ഞാണ് തന്നെ ബന്ധുക്കൾ ഇവിടെ എത്തിച്ചതെന്ന് യുവതി പറഞ്ഞു. ആദ്യം കുടുംബാംഗങ്ങളോടൊപ്പമാണ് കൗൺസലിംഗ് നടത്തിയത്. ഒറ്റക്കുള്ള കൌൺസിലിങ് ആയതോടെ ഭീഷണി തുടങ്ങി. എതിർക്കാൻ ശ്രമിച്ചാൽ ക്രൂരമായി മർദിക്കും. കരഞ്ഞ് ബഹളമുണ്ടാക്കിയാൽ പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെക്കും. എതിർക്കുന്നവരെ കെട്ടിയിട്ട് തല്ലുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ കൗൺസലിംഗിന് വിധേയയാക്കുമ്പോൾ ഭർത്താവിന്റെ വീഡിയോ അടക്കം കാണിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി. മനോജ് ഗുരുജി എന്നയാളാണ് ഘർവാപസി കേന്ദ്രത്തിലെ ആചാര്യൻ.
മതം മാറുകയില്ലെന്ന് ഉറപ്പു നൽകിയ ശേഷം ഈ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട യുവതി യോഗ കേന്ദ്രത്തിലെ പീഡനങ്ങളെ കുറിച്ച് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സേറ്റേഷനിലും ഹൈക്കോടതിയിലും പരാതി നൽകി. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിപ്പുകാരൻ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരി ഭർത്താവ് മനു, ട്രയിനർമാരായ സുജിത്, സുമിത, ലക്ഷ്മി, എന്നിവർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്.