കോട്ടയം- ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ജോസ് കെ.മാണി എം.പിയുമായി നടത്തി ചർച്ചയും പരാജയം. സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിനെതിരെ കോൺഗ്രസ് നേതാക്കൾ കടുത്ത അതൃപ്തി അറിയിച്ചാണ് മടങ്ങിയത്.
ജില്ലാ പഞ്ചായത്ത് അധ്യക്ഷപദം മുൻധാരണ പ്രകാരം ജോസഫ് വിഭാഗത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ ജോസ് കെ.മാണിയുടെ പാലായിലെ വസതിയിലെത്തി ചർച്ച നടത്തിയത്. കോൺഗ്രസ് നേതൃ യോഗത്തിന്റെ തുടർച്ചയായിരുന്നു അത്. കഴിഞ്ഞ രാത്രിയാണ് ബെന്നി ബഹനാൻ എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ജോസ് കെ.മാണിയെ കണ്ടത്. റോഷി അഗസ്റ്റിൻ എം.എൽ.എയും ചർച്ചകളിൽ സംബന്ധിച്ചു. കെ.എം മാണി രൂപം നൽകിയ കരാറാണ് മാനിക്കേണ്ടതെന്നും അദ്ദേഹം മരിച്ച ശേഷം ജോസഫ് ഉയർത്തുന്ന വാദം തള്ളിക്കളയണമെന്നുമാണ് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ സെബാസ്റ്റ്യൻ കുളത്തിങ്കലിനെ അധ്യക്ഷനാക്കുമ്പോൾ ജോസഫ് വിഭാഗം എതിർപ്പ് അറിയിക്കുകയും അപ്പോൾ എട്ടുമാസത്തേക്ക് കാലാവധി എന്നു നിശ്ചയിക്കുകയും ചെയ്തുവെന്നും അത് പാലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കെ.എം മാണിയുടെ തട്ടകമായിരുന്ന പാലാ സീറ്റ് യു.ഡി.എഫിന് നഷ്ടപ്പെടുത്തിയത് ജോസഫ് വിഭാഗം കാലുവാരിയതിനാലാണെന്നും അതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ജോസ് കെ.മാണി വിഭാഗം അറിയിച്ചു. ഇതേ തുടർന്ന് ബെന്നി ബഹനാൻ എം.പിയും റോഷി അഗസ്റ്റിനുമായി വാക്കേറ്റം ഉണ്ടായി. ജോസഫ് വിഭാഗത്തിന് സീറ്റു വിട്ടുനൽകില്ലെന്നും കോൺഗ്രസിനാണെങ്കിൽ ആകാമെന്നും ജോസ് കെ.മാണി വിഭാഗം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ഇവിടെ പ്രസക്തമായ വിഷയമല്ല അതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ മറുപടി. കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ നീക്കം പാളിയതോടെ ജോസഫ് വിഭാഗത്തിന്റെ അടുത്ത നടപടികളിലേക്കാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.