തിരുവനന്തപുരം- ചിറയിന്‍കീഴില്‍ നടുറോഡില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. മുടപുരം വക്കത്തുവിള വീട്ടില്‍ അനന്തുവിനെ (26)യാണ് അറസ്റ്റ് ചെയ്തത്. അനന്തുവിന്റെ കൂട്ടാളിയായ ശ്രീക്കുട്ടനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. അനന്തു ചിറയിന്‍കീഴ് സ്റ്റേഷനിലെ രണ്ട് കേസുകളിലെ പ്രതിയാണെന്നു പോലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 13നാണു ചിറയിന്‍കീഴിലെ ഏറെ തിരക്കേറിയ വലിയകട ജംക്ഷനില്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ യുവാവിനെ തല്ലിച്ചതച്ചത്. ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കെ വൈകിട്ട് 4.50നോട് അടുത്തായായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ചിറയിന്‍കീഴ് വക്കത്തുവിള സുധീര്‍ എന്ന യുവാവിനെയാണു തല്ലിച്ചതച്ചതെന്ന് പോലീസ് കണ്ടെത്തി.