ഈ കോവിഡ് കാലത്ത് ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കേരളത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ കാത്തിരുന്ന് കാണുന്ന പ്രോഗ്രാം ആണ് താങ്കളുടെ പത്രസമ്മേളനങ്ങൾ. താങ്കൾ പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന, ഓരോ വാക്കും ശ്രദ്ധയോടെ ശ്രവിക്കുന്ന ഒരു സമൂഹം ഇവിടുണ്ട്.
ഈ പത്രസമ്മേളനങ്ങളിൽ എല്ലാ ദിവസവും ആവർത്തിക്കപ്പെടുന്ന ഒരു രംഗമുണ്ട്. മാസ്ക് അഥവാ മുഖാവരണം ധരിച്ച് പത്രസമ്മേളനത്തിനെത്തുന്ന താങ്കൾ സംസാരിക്കാനായി അത് കഴുത്തിലേക്ക് നീക്കുന്നത്. ഇതു മൂലം തെറ്റായ ഒരു സന്ദേശം ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന മനുഷ്യർ പരസ്പരം സംസാരിക്കുന്ന അവസരത്തിൽ മാസ്ക് താഴ്ത്തി വയ്ക്കുന്ന ദൃശ്യങ്ങൾ പല തവണ നമ്മൾ കണ്ടുകഴിഞ്ഞു. പരസ്പരം സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും ആണ് മാസ്ക് ആവശ്യം എന്ന് പലപ്പോഴും നമ്മൾ മറക്കുന്നു. ഇത് തിരുത്തപ്പെടേണ്ടതുണ്ട്.
ഇന്ന് ശരിയായ ഈ സന്ദേശം പകർന്നു നൽകാൻ മുഖ്യമന്ത്രിയെ പോലെ സാധിക്കുന്ന മറ്റൊരാളില്ല. അതുകൊണ്ട് ഇങ്ങനെയൊരു സാഹചര്യത്തിൽ മുഖാവരണം ധരിച്ചുകൊണ്ട് സംസാരിക്കാൻ താങ്കൾ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതിലൂടെ ജനങ്ങൾക്ക് ഏറ്റവും ശരിയായ സന്ദേശം ലഭിക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 111 കേസുകൾ. ഇനിയുള്ള ദിവസങ്ങളിൽ സാമൂഹ്യ വ്യാപന സാധ്യത കൂടുകയാണ്. ഇനി വരുന്ന മാസങ്ങളിൽ കേസുകളുടെ എണ്ണവും മരണങ്ങളും വർധിച്ചു വരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ശാരീരിക അകലവും കൈകഴുകലും ശരിയായ രീതിയിലുള്ള മാസ്ക് ധാരണവും ജീവിതചര്യയുടെ ഭാഗമാക്കേണ്ട നാളുകളാണ് വരാനിരിക്കുന്നത്. ഇല്ലെങ്കിൽ നമ്മൾ മറ്റൊരു ഇറ്റലിയോ മഹാരാഷ്ട്രയോ ആയി മാറിയേക്കാം. അതുകൊണ്ട് ശരിയായ ശീലങ്ങൾ ഇപ്പോൾതന്നെ പരിശീലിക്കേണ്ടതുണ്ട്.
ആരോഗ്യമുള്ള വ്യക്തികൾ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യസംഘടന നിലപാട് തിരുത്തുകയാണിപ്പോൾ. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിർദ്ദേശം.
കേരളത്തിൽ പല രാഷ്ട്രീയ നേതാക്കളും സംസാരിക്കുമ്പോൾ താടിയിലും കഴുത്തിലും മാസ്ക് ധരിച്ചിരിക്കുന്ന കാഴ്ചയാണ് ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. ഈ ശീലം മാറ്റേണ്ടതുണ്ട്. ഇതിൽ പലരും വയോധികരാണ്, പല ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരും ഉണ്ട്. ഈ ഗ്രൂപ്പിൽ ഉള്ളവർ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നൊരു സന്ദേശം അവരിലേക്ക് കൂടി എത്തേണ്ടതുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങനെ ഒരു സന്ദേശം ഏറ്റവും ആഴത്തിൽ എത്തിക്കാൻ കഴിവുള്ള മുഖ്യമന്ത്രി തന്നെ മാതൃക കാട്ടണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. നീണ്ട വർഷങ്ങളുടെ അനുഭവ പരിചയവും നേതൃപാടവവും കൈമുതലായുള്ള താങ്കളെ പോലെ ഒരാളെ ഉപദേശിക്കാൻ ഞാനാളല്ല, എങ്കിലും അഭ്യർത്ഥിക്കുകയാണ്.
നന്ദി.