Sorry, you need to enable JavaScript to visit this website.

മധുരിക്കും ഓര്‍മകളുമായി ബഷീര്‍ കടവത്ത് നാട്ടിലേക്ക്  

ജിദ്ദ-ബാസ്‌കിന്‍ റോബിന്‍സ് ഐസ്‌ക്രീമിന് സൗദി അറേബ്യയുടെ പടിഞ്ഞാറേ പ്രവിശ്യയില്‍ നിര്‍ണായക സ്വാധീനം ഉറപ്പിച്ച കോഴിക്കോട് ഫറോക്ക് കോളജ് സ്വദേശി ബഷീര്‍ കടവത്ത് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്. 1998ല്‍ കമ്പനയില്‍ സെയില്‍സ്മാനായി ചേര്‍ന്ന ബഷീര്‍ കെ.എസ്.എ ഹോറിക (ഹോട്ടല്‍സ് റെസ്റ്ററന്റ് ആന്റ് കാറ്ററിംഗ്) സെയില്‍സ് മാനേജര്‍ പദവിയില്‍ നിന്നാണ് പടിയിറങ്ങുന്നത്. ജോലിയിലെ മികവ് കണക്കിലെടുത്ത് സ്ഥാപനം ഘട്ടംഘട്ടമായി നല്‍കിയ സ്ഥാനക്കയറ്റത്തില്‍ ആഹ്ലാദവാനായാണ് ബഷീറിന്റെ മടക്കയാത്ര. അമേരിക്ക, ഗള്‍ഫ്, സൗദി മേധാവികളുടെ സാക്ഷ്യപത്രങ്ങള്‍ ബഷീറിനെ തേടിയെത്തിയിട്ടുണ്ട്. 1996ല്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍കോബാറിലാണ് ബഷീര്‍ പ്രവാസ ജീവിതം ആരംഭിച്ചത്.  അല്‍ ഒബൈദി ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ്മാനായി. ഈ കടയിലെ നിത്യസന്ദര്‍ശകനായ കോഴിക്കോട് കല്ലായ് സ്വദേശി മുഹമ്മദ് കോയയുമായുള്ള സൗഹൃദമാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ബഷീര്‍ പറഞ്ഞു. ബാസ്‌കിന്‍ റോബിന്‍സിലെ പേഴ്‌സണല്‍ മാനേജറായ അദ്ദേഹം സ്ഥാപനത്തിലെ സാധ്യതകളെ കുറിച്ച് സൂചിപ്പിച്ചു. ഇന്നത്തെ പോലെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അത്ര എളുപ്പമായിരുന്നില്ല. ജോലി ഒഴിഞ്ഞു പോകാനുള്ള സന്നദ്ധത അറിയിയിച്ചപ്പോഴാണ് മുഹമ്മദ് സാലെ എന്ന കഫീലിന്റെ മഹാമനസ്‌കത വെളിവായത്. അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോക്കറ്റ് മണി നല്‍കുകയും ചെയ്തു. സ്‌നേഹസമ്പന്നരായ ഇത്തരം മനുഷ്യരെ കണ്ടുമുട്ടാനായെന്നതാണ് പ്രവാസത്തില്‍ ഏറെ ആഹ്ലാദിപ്പിച്ചത്. ദമാമിലെ റാഷിദ് മാളില്‍ ബാസ്‌കിന്‍ ഔട്ട്‌ലെറ്റില്‍ സെയില്‍സ്മാനായാണ് 22 വര്‍ഷങ്ങള്‍ക്കപ്പുറം ആഗോള പ്രശസ്തമായ ബ്രാന്‍ഡില്‍ പിച്ച വെക്കാന്‍ തുടങ്ങിയത്. 1999വരെ അവിടെ തുടര്‍ന്നു. അതിനിടയ്ക്കാണ് ജിദ്ദയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് സൂപ്പര്‍വൈസര്‍ എന്നീ ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടാണ് സെയില്‍സ് ഹെഡ് പദവിയിലെത്തിയത്. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള ബഷീര്‍ രണ്ട് വര്‍ഷം മുമ്പ് രാജിവെച്ച് നാട്ടില്‍ ചെന്ന് ഉന്നത ബിരുദങ്ങള്‍ നേടാന്‍ ആലോചിച്ചതായിരുന്നു. ഇതു പ്രകാരം രാജിക്കത്ത് നല്‍കുകയും ചെയ്തു. അപ്പോഴാണ് ബംഗളുരു സ്വദേശിയും കമ്പനിയുടെ ഗള്‍ഫ് റീജിയന്‍ മാനേജറുമായ ഷബീര്‍ ഷാ വിളിച്ച് നിരുത്സാഹപ്പെടുത്തിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതേ സ്ഥാനത്ത് കമ്പനി പുതിയ ആളെ നിയോഗിക്കുകയാണെങ്കില്‍ പോസ്റ്റ് ഗ്രാജ്വേഷനോ, എം.ബി.എ ബിരുദമോ ഉള്ളവരെയായിരിക്കും പരിഗണിക്കുക. എന്നാല്‍ നിങ്ങളുടെ പെര്‍ഫോമന്‍സില്‍ സ്ഥാപനത്തില്‍ എല്ലാവര്‍ക്കും മതിപ്പാണ്. ജോലി രാജിവെക്കാതെ തുടരുക. അദ്ദേഹത്തിന്റെ വാക്കുകളാണ് തുടരാന്‍ പ്രചോദനമായത്. ഐസ്‌ക്രീം   വില്‍പന രംഗത്ത്  പുതിയ ഒരു രീതി ജിദ്ദ സ്‌റ്റേഡിയത്തില്‍ 2016 ല്‍ അവതരിപ്പിച്ചത് കമ്പനി പ്രത്യേകം നിരീക്ഷിച്ചിരുന്നു. ഗാലറിയില്‍ കൂളര്‍ ബാഗില്‍  ഐസ്‌ക്രീം  വില്‍ക്കുന്ന രീതി സൗദി യുവതല മുറക്ക്  വളരെ സ്വീകാര്യമായി.  വില്‍പനയില്‍ ചരിത്രം സൃഷ്ടിച്ച രീതി  ജി സി സിയിലെ മറ്റ് മേഖലകളിലേക്കു കൂടി വ്യവിപ്പിക്കുകയും ചെയ്തു.  ഭാര്യയും മൂന്ന് മക്കളും  അടങ്ങുന്ന കുടുബം ഫാറുഖ് കാമ്പസിന് അടുത്താണ് താമസം.  റിട്ടയേഡ് ഹെഡ് മാസ്റ്റര്‍ പുറ്റെ കടവത്ത് ബീരാന്‍ കുട്ടിയുടെയും  കുഞ്ഞിബിവിയുടെയും മകനാണ്.


 

Latest News