തുറൈഫ്- നഗരത്തിലെ എല്ലാ പള്ളികളിലും കോവിഡുമായി ബന്ധപ്പെട്ട ചട്ടങ്ങളും ക്രമീകരണങ്ങളും പാലിച്ചു കൊണ്ട് ഇന്നലെ ജുമുഅ നമസ്‌കാരം നടന്നു. 75 ദിവസം മുമ്പ് നിർത്തിവെച്ച ജുമുഅ നമസ്‌കാരം പുനരാരംഭിച്ചപ്പോൾ നിരവധി പേർ പള്ളികളിൽ എത്തിയിരുന്നു. പ്രധാന ഹാളുകളിൽ കൂടുതൽ പേർക്ക് ഇരിക്കാനാവാത്തതിൽ പള്ളിയുടെ സൈഡുകളിലും മറ്റുമുള്ള ഭാഗങ്ങളിലുമാണ് ജനങ്ങൾ നമസ്‌കരിച്ചത്. പ്രായം ചെന്നവരും കുട്ടികളും പള്ളികളിലേക്ക് വരുന്നതിന് വിലക്ക് ഉണ്ടായിരുന്നു. നമസ്‌കരിക്കാനുള്ള മുസല്ല , ഖുർആൻ എന്നിവ സ്വന്തമായി കൊണ്ട് വരിക, രണ്ട് മീറ്റർ അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ വിശ്വാസികൾ കർശനമായി പാലിച്ചു. കൊറോണ വ്യാപനം തടയുന്നതിന് നിർദേശിക്കപ്പെട്ട ചട്ടങ്ങൾ പാലിക്കേണ്ടത് മതപരമായ ബാധ്യത കൂടിയാണെന്ന് ഖതീബുമാർ ഉദ്‌ബോധിപ്പിച്ചു.