കാസർകോട് - രാജേഷ് കുഴിച്ച ഈ കിണറിലെ വെള്ളത്തിന് ആത്മസംതൃപ്തിയുടെ മധുരവും അദ്ധ്വാനത്തിന്റെ ഉപ്പുരസവും. തൊഴിലാളികളെ കിട്ടാത്ത പ്രയാസവും അതിലേറെ സാമ്പത്തിക പ്രയാസവും ഉള്ളതിനാലാണ് മരപ്പണിക്കാരനായ രാവണേശ്വരം തണ്ണോട്ടെ രാജേഷ് തനിച്ച് കിണർ കുഴിച്ചത്. ഭാര്യ സ്വാതിയുടെ വീട്ടിൽ കിണറില്ലാത്ത പ്രയാസം മനസ്സിലാക്കിയാണ് രാജേഷിന്റെ പ്രയത്നത്താൽ കിണർ വന്നത്. കുടുംബ സ്വത്ത് ഭാഗം വെച്ചതിന് ശേഷം ആറ് മാസം മുമ്പാണ്ഭാര്യാ പിതാവ് ദേവദാസ് പുതിയ വീട് നിർമിച്ച് താമസം മാറിയത്. രാജേഷും സ്വാതിയും തൊട്ടടുത്ത് വാടക വീട്ടിലാണ് താമസം. പഞ്ചായത്തിന്റെ സഹായത്തോടെയാണ് ദേവദാസ് വീട് നിർമാണം പൂർത്തിയാക്കിയത്.
അന്നു മുതൽ ഒരു കിണർ വേണമെന്നത് ദേവദാസിന്റെ സ്വപ്‌നമായിരുന്നു. കിണർ നിർമിക്കാൻ ആളെ കിട്ടാത്തതും അതിലുപരി ഒരു ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നതിനാലും ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് രാജേഷ് ദേവദാസിന്റെ സ്വപ്‌ന സാക്ഷത് കാരമെന്നോണം അവരുടെ പറമ്പിൽ ഒറ്റയ്ക്ക് കിണർ കുഴിച്ച് തുടങ്ങിയത്. ഭാര്യാപിതാവ് ആരോഗ്യ കാരണത്താൽ ഭാരിച്ച ജോലികൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലായതിനാൽ ഭാര്യയും, ഭാര്യാ മാതാവ് പുഷ്പ ലതയുമാണ് മണ്ണ് വലിച്ച് കയറ്റിയത്. ലോക്ഡൗൺ ആരംഭത്തിലാണ് കിണർ നിർമാണം തുടങ്ങിയത്. ഇക്കഴിഞ്ഞ രണ്ടിനാണ് കിണറിൽ വെള്ളം ലഭിച്ചത്. മക്കളായ ശിവാനി, രോഹൻ രാജ് എന്നിവർ അടങ്ങിയതാണ് രാജേഷിന്റെ കുടുംബം.