Sorry, you need to enable JavaScript to visit this website.

ലൂസി കളപ്പുര ഇടവകാംഗങ്ങളുടെ  സ്വാസ്ഥ്യം കെടുത്തുന്നുവെന്ന്‌

കൽപറ്റ- സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തി എഫ്.സി.സി സന്യാസിനീസഭ മുൻ അംഗം ലൂസി കളപ്പുര കാരയ്ക്കാമല ഇടവകാംഗങ്ങളുടെ സ്വാസ്ഥ്യം കെടുത്തുകയാണെന്നു ഇടവക പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 
ലൂസി കളപ്പുരയ്‌ക്കെതിരെ സഭാതല നടപടിക്കു മാനന്തവാടി രൂപത ബിഷപിനും നിയമനടപടിക്കു ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കും പരാതി നൽകുമെന്ന് അവർ അറിയിച്ചു. 
കെട്ടുകഥകൾ പ്രചരിപ്പിച്ച് കത്തോലിക്കാസഭ, മാനന്തവാടി രൂപത, വൈദികർ, സന്യാസിനികൾ എന്നിവരെയും വിശ്വാസ സമൂഹത്തെയും കാരയ്ക്കാമല ഇടവകയെയും നിരന്തരം അവഹേളിക്കുകയാണ് ലൂസി കളപ്പുര. 


അച്ചടക്കലംഘനത്തിനു എഫ്.സി.സി സന്യാസിനീസഭ പുറത്താക്കിയിട്ടും കാരയ്ക്കാമല കോൺവന്റിൽ താമസം തുടരുന്ന അവർ വ്യാജപ്രചാരണങ്ങളിലൂടെ വിശ്വാസസമൂഹത്തിൽ ഭിന്നിപ്പിനു ശ്രമിക്കുകയാണ്. ഏറ്റവും ഒടുവിൽ കാരയ്ക്കാമല ഇടവക വികാരിയെയും കോൺവന്റ് സുപ്പീരിയറെയും ബന്ധപ്പെടുത്തി ദുരാരോപണം ഉന്നയിച്ചു. 


പള്ളിമേടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഇടവക പ്രതിനിധികൾക്കു ആരോപണങ്ങൾ തെറ്റാണെന്നു ബോധ്യമായി. 
ആസൂത്രിത അജൻഡ നടപ്പിലാക്കുന്നതിനു ബാഹ്യശക്തികൾ ലൂസി കളപ്പുരയെ കരുവാക്കുകയാണ്. തന്റെ ജീവനു ഭീഷണിയുണ്ടെന്ന പ്രചാരണം ലൂസി കളപ്പുര നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനു അവരെ സർക്കാർ നിയന്ത്രിത സംവിധാനത്തിലേക്കു മാറ്റണമെന്നും ഇടവക പ്രതിനിധികൾ ആവശ്യപ്പെട്ടു. സണ്ണി പേര്യക്കോട്ടിൽ, റോയി പാലാട്ടിൽ, ജോൺസൺ ചിറായിൽ, ടോമി വള്ളോംതോട്ടത്തിൽ, ആൻജോ ഏറത്ത് എന്നിവർ പങ്കെടുത്തു. 

 

Latest News