കോട്ടയം- താഴത്തങ്ങാടി ദമ്പതികളെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കൊടും ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത് വീഡിയോ ഗെയിമുകളെന്ന് റിപ്പോർട്ട്. ഇയാൾ വീഡിയോ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പിതാവും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിലാലിന്റെ പിതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഗെയിമുകളുടെ സ്വാധീനമാണോ യുവാവിനെ ഇത്തരത്തിലുള്ള കൊടും ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസിനും സംശയമുണ്ട്. അതിക്രൂരമായ മാനസികാവസ്ഥയാണ് യുവാവ് പ്രകടിപ്പിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇയാളുടെ സംഭവ ദിവസത്തെ ഇടപെടലുകളെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. വർഷങ്ങളോളമായി അടുപ്പമുണ്ടായിരുന്ന, ഏതു നിമിഷവും വീട്ടിൽ കടന്നു ചെല്ലാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന കുടുംബത്തിലാണ് ഇയാൾ അക്രമം കാട്ടിയത്, അതും അതിക്രൂരമായി.
പ്രതിയുടെ ക്രൂര മനസ്സിന്റെ ആഴം തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വീഡിയോ ഗെയിമുകളിലെ ആക്രമണ ശൈലിയാണ് ഇയാൾ ആവർത്തിച്ചതെന്ന് പറയുന്നു. 29,000 രൂപ വിലയുള്ള സ്മാർട്ട് ഫോണാണ് ബിലാലിന്റേത്. നേരത്തെ രണ്ടു ക്രിമിനൽകേസുകൾ മകനുണ്ടായിരുന്നതായും പിതാവ് പറയുന്നു. മാളികേപ്പീടികയിൽ വെച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ച കേസും, ബസിന്റെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച കേസും ഇയാളുടെ പേരിലുണ്ടെന്നും പിതാവ് പറഞ്ഞു. മകനെ നേരായ മാർഗത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ താൻ നടത്തിയിരുന്നതായും പിതാവ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വന്നു കണ്ടിരുന്നതായും, താൻ തന്റെ സംശയങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നതായും പ്രതിയായ ബിലാലിന്റെ പിതാവ് പോലീസിനോടു പറഞ്ഞു. കമ്പി ഉപയോഗിച്ച് കൈകൾ കെട്ടിവെച്ചതും, ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടയും, തലയ്ക്കു മാരകമായി പരിക്കേൽപിച്ച് കൊലപ്പെടുത്തിയതും ഗെയിമിന്റെ സ്വാധീനമാണോ എന്നാണ് പോലീസും സംശയിക്കുന്നത്. ഈ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.