Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി ദിനമറിയാതെ, പ്രകൃതിയെ അറിഞ്ഞ് ഒരാൾ

പഴയങ്ങാടി പാറയിൽ രാജൻ കണ്ടൽചെടികൾ നടുന്നു.

പഴയങ്ങാടി - രാഷ്ട്രീയ നേതാക്കൾക്കും സാംസ്‌കാരിക പ്രവർത്തകർക്കുമൊക്കെ ഒരു മരം നടണമെങ്കിൽ ജൂൺ 5 വരണം. എന്നാൽ വർഷത്തിൽ 365 ദിവസവും ചെടികൾ നടുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന ഒരാളുണ്ട് കണ്ണൂരിലെ പഴയങ്ങാടിയിൽ. താവം സ്വദേശി പാറയിൽ രാജൻ എന്ന മത്സ്യത്തൊഴിലാളി.
രാജൻ നട്ടുപിടിപ്പിച്ച പതിനായിരക്കണക്കിന് കണ്ടൽചെടികൾ ഇന്ന് ഭൂമിക്ക് തണലായി തലയുയർത്തി നിൽക്കുന്നു. കണ്ടൽ ചെടികളിലൂടെ ലോകപ്രശസ്തനായ കല്ലേൻ പൊക്കുടന്റെ നാട്ടുകാരനാണ് രാജൻ. എന്നാൽ ഈ സാധാരണക്കാരനായ മത്സ്യ ത്തൊഴിലാളി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നിശബ്ദ പരിസ്ഥിതി പ്രവർത്തനം നടത്തിവരികയാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ അറിവു നേടിയല്ല അധികം വിദ്യാഭ്യാസമില്ലാത്ത ഇദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനിറങ്ങിയത്. മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ നേടിയ അറിവുകളിലൂടെയാണ്. കണ്ടൽ ചെടികൾ എങ്ങനെയാണ് മത്സ്യങ്ങളുടെ പ്രജനനത്തിനും മണ്ണ് സംരക്ഷണത്തിനും കാരണമാവുന്നതെന്ന് പഴയങ്ങാടി പുഴയിൽ മീൻ പിടിച്ചു ജീവിക്കുന്ന രാജൻ അനുഭവത്തിലൂടെയാണ് മനസ്സിലാക്കിയത്.

പിന്നീട് ആരും പറയാതെ, അധികമാരുമറിയാതെ കണ്ടൽ ചെടികളും മറ്റ് വൃക്ഷങ്ങളും നട്ടുപിടിപ്പിക്കാൻ തുടങ്ങി. ഒഴിവു സമയങ്ങൾ ഇതിനായാണ് വിനിയോഗിച്ചത്. കൂടുതൽ കണ്ടൽ ചെടികളുള്ള സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വേരു പിടിപ്പിച്ച ശേഷം കണ്ടലുകളില്ലാത്ത ചതുപ്പു നിലങ്ങളിൽ നട്ടുപിടിപ്പിക്കുകയും അവയെ പരിപാലിക്കുകയുമാണ് ഇദ്ദേഹം ചെയുന്നത്. രാജൻ നട്ടുപിടിപ്പിച്ച കണ്ടലുകൾ പഴയങ്ങാടി റെയിൽവെ പാലത്തിനടുത്തും താവത്തും ദാലിലുമൊക്കെ പടർന്ന് പന്തലിച്ച് കിടപ്പുണ്ട്. വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കണ്ടൽ വിത്തുകൾ സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും സൗജന്യമായി നൽകി വരുന്നുണ്ട് ഇദ്ദേഹം. ഒരൊറ്റ ആവശ്യം മാത്രമേ ഇവരോട് ഉന്നയിക്കാറുള്ളൂ. കണ്ടൽചെടികൾ നട്ടാൽ പോരാ, പരിപാലിക്കുകയും വേണം. കണ്ടൽചെടികൾ എങ്ങനെയാണ് മണ്ണൊലിപ്പിനെയും വെള്ളപ്പൊക്കത്തേയുമൊക്കെ ചെറുക്കുന്നതെന്ന് സുനാമി കാലത്ത് രാജന് നേരിട്ട് അനുഭവപ്പെട്ടതാണ്. കണ്ടലുകൾ ഉള്ള സ്ഥലത്തു മാത്രം നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. പ്രളയ കാലത്തും ഇതു തന്നെയാണ് അനുഭവം. 


വൃക്ഷത്തൈകൾ നടുക മാത്രമല്ല, അവ നശിപ്പിക്കുന്നതിനെതിരെ പ്രതികരിക്കാനും രാജൻ മടിക്കാറില്ല. എന്നാൽ സംഘടിത ശക്തികൾക്കു മുന്നിൽ ഈ പ്രതിഷേധം പലപ്പോഴും ദുർബലമായിപ്പോകാറാണ് പതിവ്. ഏറ്റവുമൊടുവിൽ പഴയങ്ങാടി താവത്ത് സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള സ്ഥലത്തെ ഏക്കറു കണക്കിന് കണ്ടൽ ചെടികൾ വെട്ടി നശിപ്പിച്ചപ്പോൾ ഇതിനെതിരെ പ്രതികരിക്കാൻ രാജൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജന്റെ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞ വനം വകുപ്പ് അധികൃതർ പലപ്പോഴും വൃക്ഷത്തൈകളും മറ്റും നൽകാറുണ്ട്. ഒരു ചെടി നട്ട് അത് ആഗോള വാർത്തകളാക്കുന്നവർ ഏറെയുള്ള നാട്ടിലാണ് പ്രകൃതിക്കു വേണ്ടി രാജനെപ്പോലുള്ളവർ നിശബ്ദ പ്രവർത്തനം നടത്തുന്നത്. അതുകൊണ്ടു തന്നെ രാജന് ജൂൺ 5 മാത്രമല്ല, എല്ലാ ദിവസവും പരിസ്ഥിതി ദിനമാണ്.

 


 

Latest News