കുറ്റിപ്പുറം- അഞ്ചാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് നമിത നാരായണന്‍. തന്റെ രണ്ടുനില വീടിന്റെ മേല്‍ക്കൂരയിലാണ് കഴിഞ്ഞ ദിവസം നമിത മണിക്കൂറുകളോളം ചെലവഴിച്ചത്. വീടിന്റെ മുകളിലേക്ക് അവള്‍ വലിഞ്ഞുകയറിയത് തമാശക്കൊന്നുമായിരുന്നില്ല, ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാനായിരുന്നു. മൊബൈല്‍ ഫോണില്‍ റെയ്ഞ്ച് കിട്ടണമെങ്കില്‍ വീടിനകത്തിരുന്നാല്‍ പറ്റില്ല.
വീടിന്റെ മുമ്പില്‍ കൂടി പോകുന്നവരെല്ലാം എന്തിനാണ് ഈ പെണ്‍കൊച്ച് ഇവിടെ കയറിയിരിക്കുന്നത് എന്ന് ചിന്തിച്ചു. ചിലരെങ്കിലും പേടിച്ചും കാണും. എന്നാല്‍ ആരെയും കൂസാതെ നമിത ക്ലാസ്സുകളെല്ലാം അറ്റന്‍ഡ് ചെയ്തു.
അരീക്കലുള്ള തന്റെ വീട്ടിന്റെ മുകളിലേക്ക് കയറിയ നമിത കുറ്റിപ്പുറം കെ.എം.സി.റ്റി കോളജിലെ വിദ്യാര്‍ഥിനിയാണ്. വീടിന്റെ എല്ലാ ഭാഗത്തും പോയി നോക്കിയെങ്കിലും എങ്ങും റേഞ്ച് കിട്ടുന്നില്ലെന്ന് നമിത പറഞ്ഞു. ഒരു വിധം നന്നായി കിട്ടിയത് മുകളിലാണ്. അവള്‍ പറഞ്ഞു.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനായ പിതാവും അധ്യാപികയായ മാതാവും മകളുടെ സാഹസത്തെ എതിര്‍ത്തില്ല. സൂക്ഷിക്കാന്‍ മാത്രം ഉപദേശിച്ചു. മുകളില്‍ കയറുന്നതിനിടെ മേല്‍ക്കൂരയില്‍ പാകിയ ഏതാനും ടൈലുകള്‍ പൊട്ടുകയും ചെയ്തു.
മഴ പ്രശ്‌നമല്ല. പക്ഷെ ഇടിമിന്നല്‍ പ്രശ്‌നമാണ്. എന്നെപ്പോലെ കണക്ടിവിറ്റി ഇല്ലാത്ത ധാരാളം കുട്ടികളുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അവര്‍ക്കൊരു പ്രശ്‌നമാണ്- നമിത പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടില്‍ ടി.വിയോ മൊബൈല്‍ ഫോണോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാനാവാതെ വളാഞ്ചേരിയില്‍ ഒരു കുട്ടി ജീവനൊടുക്കിയിരുന്നു.