കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രധാന പ്രതി സുനില്‍കുമാറി(പള്‍സര്‍ സുനി)ന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ദിലീപിന്റെ ജാമ്യഹരജിയില്‍ ചൊവ്വാഴ്ച വിധി പറയും.
കേസില്‍ അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യ മാധവനും നാദിര്‍ഷായും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും ദിലീപിന്റെ കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യയുടെ ഹരജിയില്‍ പറയുന്നു. കേസില്‍ പറയുന്ന മാഡം കാവ്യ മാധവനാണെന്ന സുനിയുടെ മൊഴിക്ക് പിന്നാലെയാണ് കാവ്യ മുന്‍കൂര്‍ ജാമ്യം തേടിയത്. എന്നാല്‍ സുനിയുമായി പരിചയമില്ലെന്നും മാഡമെന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നുമായിരുന്നു കാവ്യ ജാമ്യഹരജിയില്‍ വ്യക്തമാക്കിയത്.
13 മണിക്കൂര്‍ മാരത്തണ്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ രണ്ട് വട്ടം ചോദ്യം ചെയ്യലിന് വിധേയനായ നാദിര്‍ഷായും അറസ്റ്റ് ഭയന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. സുനി കാക്കനാട്ടെ ജില്ലാ ജയിലില്‍നിന്ന് പണം ആവശ്യപ്പെട്ട് വിളിച്ചത് നാദിര്‍ഷായെ ആയിരുന്നു. എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു നാദിര്‍ഷായും അന്വേഷണ സംഘത്തോട് പറഞ്ഞത്. മുന്‍പരിചയമില്ലാതെ സുനിയെപോലൊരു കുറ്റവാളി നാദിര്‍ഷായെ വിളിക്കില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.
ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹരജിയിലാണ് ഹൈക്കോടതിയില്‍ വിധി പറയുന്നത്. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും രണ്ട്തവണ വീതം തള്ളിയിരുന്നു. കൂട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യ ഹരജിയെ എതിര്‍ത്തത്. അറസ്റ്റിലായ ദിലീപ് 77 ദിവസമായി ആലുവ സബ് ജയിലിലാണ്.