Sorry, you need to enable JavaScript to visit this website.

കൊച്ചി ഘര്‍വാപസി കേന്ദ്രത്തില്‍ ക്രൂരപീഡനമെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി- മതംമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഘര്‍വാപസി കേന്ദ്രത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്ക് ക്രൂരപീഡനം. ആയുര്‍വേദ ഡോക്ടറായ യുവതി നല്‍കിയ പരാതിയില്‍ തൃപ്പൂണിത്തുറയില്‍  യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനടക്കം ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇസ്്‌ലാം മതം സ്വീകരിച്ച ശേഷം അടുത്തിടെ വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച കാസര്‍കോട് സ്വദേശിനി ആതിരയും ഇവിടെ പീഡനത്തിനിരയായതായി തെളിവ് ലഭിച്ചു. തൃപ്പൂണിത്തുറക്കടുത്ത് കണ്ടനാട് പ്രവര്‍ത്തിക്കുന്ന ഘര്‍വാപസി കേന്ദ്രത്തില്‍ അഹിന്ദുക്കളെ വിവാഹം ചെയ്ത 60-ലേറെ യുവതികളെ താമസിപ്പിച്ചതായാണ് വിവരം.
ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത തൃശൂര്‍ സ്വദേശിയായ ആയുര്‍വേദ ഡോക്ടറാണ് ഘര്‍വാപസി കേന്ദ്രത്തിലെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 31നാണ്  യുവതിയെ അടുത്ത ബന്ധു കേന്ദ്രത്തില്‍ എത്തിച്ചത്. ലുലു മാളിലേക്കെന്ന് പറഞ്ഞാണ് തന്നെ ബന്ധുക്കള്‍ ഇവിടെ എത്തിച്ചതെന്ന് യുവതി പറയുന്നു.
ആദ്യം കുടുംബാംഗങ്ങളോടൊപ്പമാണ് കൗണ്‍സലിംഗ് നടത്തിയത്. ഒറ്റക്കുള്ള കൗണ്‍സലിംഗ് ആയതോടെ ഭീഷണി തുടങ്ങി. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമായി മര്‍ദിക്കും. കരഞ്ഞ് ബഹളമുണ്ടാക്കിയാല്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവെക്കും. കാസര്‍കോട്ടെ ആതിരയും താനുള്ളപ്പോള്‍ അവിടെയുണ്ടായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ആതിര ഇവരുടെ സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങാന്‍ ആദ്യം തയാറായിരുന്നില്ല. എതിര്‍ക്കുന്നവരെ കെട്ടിയിട്ട് തല്ലുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ കൗണ്‍സലിംഗ് നടത്തുമ്പോള്‍ ഭര്‍ത്താവിന്റെ വീഡിയോ അടക്കം കാണിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി.  മനോജ് ഗുരുജി എന്നയാളാണ് കേന്ദ്രത്തിലെ ആചാര്യന്‍.
22 ദിവസം ഇവിടെ പീഡനത്തിനിരയായെന്ന്് യുവതി പറയുന്നു. 15  പേരാണ് യോഗാ കേന്ദ്രത്തില്‍ പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പലരും ലൈംഗിക പീഡനത്തിനും ഇരയാകുന്നുണ്ട്. ഡോര്‍മെറ്ററിയിലാണ് രാത്രി കിടക്കുന്നത്. വിവാഹ ബന്ധം ഉപേക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയാണ് ഇവിടെനിന്ന് രക്ഷപ്പെട്ടത്. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്‌റ്റേഷനിലും ഹൈക്കോടതിയിലുമാണ് പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിപ്പുകാരന്‍ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരി ഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്, സുമിത, ലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഉദയംപേരൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

 

Latest News