കോഴിക്കോട്- ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണത്തിന്റെ പേരിൽ ഒഴിയുന്നെങ്കിൽ എം.എൽ.എ സ്ഥാനവും രാജിവെക്കാൻ മന്ത്രി തോമസ് ചാണ്ടി തയാറായേക്കും. രാജിവെക്കേണ്ടി വന്നാൽ പാർട്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടായേക്കില്ലെന്ന സൂചനയുമുണ്ട്.
സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പീതാംബരൻ മാസ്റ്ററെയും നിയമസഭാംഗങ്ങളായ തോമസ് ചാണ്ടി, എ.കെ ശശീന്ദ്രൻ എന്നിവരെയും 29ന് അഖിലേന്ത്യാ പ്രസിഡന്റ് ശരത്പവാർ കാണുന്നുണ്ട്. ഇടതു മുന്നണിയിൽ നിന്നോ സി.പി.എമ്മിൽ നിന്നോ കാര്യമായ ഇടപെടൽ ഉടനെ ഉണ്ടാവില്ലെന്ന് തോമസ് ചാണ്ടി ഉറപ്പു വരുത്തിയിരിക്കുകയാണ്. മന്ത്രിസ്ഥാനം വീണ്ടെടുക്കാൻ എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് പക്ഷേ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയില്ല.
തോമസ് ചാണ്ടിക്കെതിരെ പരസ്യ നിലപാടെടുത്ത യുവജന നേതാവ് മുജീബ് റഹ്മാനെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയേക്കും. മറ്റു വിമത നേതാക്കൾക്ക് പാഠമാകുന്ന തരത്തിൽ അച്ചടക്ക നടപടിക്കാണ് നേതൃത്വം തുനിയുന്നത്.
മംഗളം ചാനലിന്റെ വനിതാ പ്രതിനിധിയുമായി അശ്ലീല സംഭാഷണം നടത്തിയെന്ന കേസിനെ തുടർന്നാണ് എ.കെ ശശീന്ദ്രന് രാജിവെക്കേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് തീർന്നിട്ടില്ല. വനിതാ പ്രതിനിധിയുടെ പരാതി നിലനിൽക്കുകയാണ്.
മന്ത്രിയാവുമെന്ന് നേരത്തെ പ്രചാരണം നടത്തിയിരുന്ന തോമസ് ചാണ്ടിക്ക് ശശീന്ദ്രന്റെ കേസും രാജിയും തുണയാവുകയായിരുന്നു. എപ്പോൾ വേണമെങ്കിലും ഒഴിയാമെന്നാണ് തോമസ് ചാണ്ടിയുടെ പരസ്യ പ്രസ്താവനയെങ്കിലും ഒഴിയുന്ന പ്രശ്‌നമില്ലെന്ന നിലയിലാണ് അകത്തെ നിലപാട്. സമുദായ നേതൃത്വത്തിന്റെ പിന്തുണയും തോമസ് ചാണ്ടിക്കുണ്ട്. അതുകൊണ്ടു തന്നെ സി.പി.എം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ചാണ്ടിക്കൊപ്പമാണ്.
അതേസമയം ഭൂമിയും കായലും കൈയേറിയെന്ന ആരോപണം ശരിവെക്കുന്ന തരത്തിലാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. കൂടുതൽ തെളിവുകൾ വന്നാൽ കേസെടുക്കേണ്ടതായി വരും. അപ്പോൾ മന്ത്രിസഭയിൽ തുടരാൻ കഴിയില്ല.
പ്രതിപക്ഷവും ഇതിൽ വലിയ താൽപര്യം കാണിക്കുന്നില്ല. ഇതു ഒരു ചാനലിന്റെ മാത്രം അജണ്ടയെന്ന നിലയിലെ പ്രചാരണവും നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകനായി പത്തുവർഷമായി പ്രവർത്തിച്ചിരുന്ന ആളെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ പ്രതികാരമാണ് വാർത്തയും നടപടിയുമെന്നാണ് പ്രചാരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുണ്ടെങ്കിലും ഉമ്മൻചാണ്ടി, കെ.എം. മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പ്രശ്‌നം ഏറ്റെടുത്തിട്ടില്ല. വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണ വിഷമായിട്ടുപോലും പ്രതിപക്ഷം ആവേശം കാണിക്കുന്നില്ല. ദേവസ്വം ഭൂമിയുടെ കൂടി പ്രശ്‌നമുണ്ടായിട്ടും ബി.ജെ.പിക്കും തണുപ്പൻ പ്രതികരണമാണ്.
മരിച്ച ഉഴവൂർ വിജയന് പകരം പുതിയ സംസ്ഥാന പ്രസിഡന്റിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. എൻ.സി.പിയെ ഒപ്പം കൊണ്ടുവരാൻ ദേശീയ തലത്തിൽ ബി.ജെ.പി ശ്രമിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ എൻ.സി.പിയെ കൈയൊഴിയാൻ ഇടതുമുന്നണി തയാറായേക്കില്ല. ഇടതു മുന്നണിയുടെ ഭാഗമാണെങ്കിൽ ദേശീയ നേതൃത്വം ബി.ജെ.പിക്കൊപ്പം പോയാലും സംസ്ഥാന ഘടകം അത് അംഗീകരിക്കില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ പരമാവധി പാർട്ടികളുമായി സഹകരണം ഉറപ്പു വരുത്താനാണ് സി.പി.എം നീക്കം. ബി.ഡി.ജെ.എസിന്റെ കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായേക്കും.