തിരുവനന്തപുരം- സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകി ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആരാധനാലയങ്ങളും മാളുകളും തുറന്നാൽ രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്നും ഉറവിടം അറിയാത്ത കോവിഡ് കേസുകളിലൂടെ സമൂഹവ്യാപനം നടക്കുന്നതായി കരുതേണ്ടതുണ്ടെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.
സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നതിനാലാണ് രോഗവ്യാപനം ക്രമാതീതമായി വർധിക്കുന്നത്, ശരിയായി മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും പെരുമാറുന്നത് എല്ലായിടത്തും കാണുന്നുണ്ട്.
കഴിഞ്ഞയാഴ്ചകളിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ ഭൂരിഭാഗം പേർക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. ഇവരിൽ ചിലരെങ്കിലും ക്വാറന്റൈൻ ലംഘിക്കുന്നതായും മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടിവരികയാണ്. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തവരുടെ എണ്ണം കൂടുകയാണ്. സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം ഇതില്‍നിന്ന് കരുതാൻ.
ഈ ഘട്ടത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരുമെന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ അത് നമ്മുടെ ആരോഗ്യ സംവിധാനത്തെ സമ്മർദത്തിലാക്കും.
ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോൾ തുറക്കരുതെന്ന് തന്നെയാണ് ഐ.എം.എ കേരള ഘടകത്തിന്‍റെ അഭിപ്രായമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.