Sorry, you need to enable JavaScript to visit this website.

ഒമാനിൽനിന്ന് കോഴിക്കോട്ടേക്ക് ഐ.സി.എഫിന്റെ ആദ്യ ചാർട്ടർ വിമാനം നാളെ

മസ്‌കത്ത്- ഒമാനിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം നാളെ കോഴിക്കോട്ടേക്ക് പുറപ്പെടും. ഐ.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിമാനം മസ്‌കത്തിൽ നിന്ന് പുറപ്പെടുമെന്ന് ജനറൽ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു. 180 പേർക്കാണ് യാത്രക്ക് അവസരം. പതിനൊന്ന് ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുള്ള 42 രോഗികൾ, സന്ദർശന വിസയിൽ  എത്തി ഒമാനിൽ കുടുങ്ങിയ 50 പേർ, തൊഴിൽ നഷ്ടപ്പെട്ട 48 പ്രവാസികൾ എന്നിവരുൾപ്പെടുന്നതാണ് ആദ്യ വിമാനത്തിലെ യാത്രക്കാർ.
യാത്രക്കാരിൽ 20 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 50 ശതമാനം യാത്രക്കാർക്ക് 10 മുതൽ 50 ശതമാനം വരെ നിരക്കിളവും നൽകിയിട്ടുണ്ടെന്ന് ഐ സി എഫ് നാഷനൽ കമ്മിറ്റി അറിയിച്ചു. ബാക്കിയുള്ളവർ സാധാരണ നിരക്കിലും യാത്ര ചെയ്യും. ഒമാനിൽ നിന്നുള്ള ഇന്ത്യക്കാർക്കായി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ആദ്യ സർവീസാണ് ഐ.സി.എഫിന്റേത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എംബസിയുടെ മുൻഗണനാ ക്രമത്തിൽ തന്നെയാണ് ഐ.സി.എഫ് ചാർട്ടേഡ് വിമാനത്തിലും യാത്രക്കാർക്ക് അവസരം നൽകിയിരിക്കുന്നത്. ഒമാൻ അധികൃതരുടെയും കേന്ദ്രത്തിന്റെയും കേരള സർക്കാറിന്റെയും മുഴുവൻ നിർദേശങ്ങളും പാലിച്ചാണ് ചാർട്ടേഡ് വിമാനമെന്നും ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു. വരും ദിവസങ്ങളിൽ കണ്ണൂർ, കൊച്ചി സെക്ടറുകളിലേക്ക് സർവീസ് നടത്തുന്നതിനും ഐ.സി.എഫ്  ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇതര ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നും വരും ദിവസങ്ങളിൽ ഐ സി എഫിന് കീഴിൽ ചാർട്ടേഡ് സർവീസുകൾ പുറപ്പെടുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലുകളും ചാർട്ടേഡ് വിമാനത്തിന്റെ അനുമതിക്ക് ഏറെ സഹായകമായെന്ന് സംഘാടകർ അറിയിച്ചു.

 

Latest News