Sorry, you need to enable JavaScript to visit this website.

ചാർട്ടേഡ് വിമാനമെന്ന കെണി

ചാർട്ടേഡ് വിമാനമൊരുക്കി പിൻവലാതിലിലൂടെ രക്ഷപ്പെടുന്ന കേന്ദ്ര സർക്കാറിനെയും എയർ ഇന്ത്യയെയും പറ്റി കെ.ടി നൗഷാദ് എഴുതുന്നു

ചാർട്ടേഡ് വിമാനത്തെക്കുറിച്ച് പ്രവാസ ലോകത്തെ ഇടതുമുന്നണിയും വലതു മുന്നണിയും തമ്മിലുളള തർക്കം തുടരുന്നതിനിടയിൽ രക്ഷപ്പെടുന്നത് കേന്ദ്ര സർക്കാരും എയർഇന്ത്യയുമാണ്. രക്ഷപ്പെടാൻ മാത്രമല്ല പ്രവാസികളെ ചൂഷണം ചെയ്യാനുളള അവസരം കൂടിയായി ഇതിനെ മാറ്റുകയാണ് എയർ ഇന്ത്യ.
പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് മിഷൻ പ്രകാരം സർവീസ് നടത്തുന്നതിന് പകരം ചാർട്ടേഡ് വിമാനമായി ഓടി പ്രവാസികളെ കൊളളയടിക്കാനാണ് എയർ ഇന്ത്യയുടെ പരിപാടി.

വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂളിൽ ബഹ്‌റൈനിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ഒരു സർവീസുമില്ല.
അതേ സമയം നാളെ (ജൂൺ 5) ബഹ്‌റൈനിലെ ഒരു മലയാളി സംഘടനക്ക് വേണ്ടി കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചാർട്ടേഡ് ഫ്‌ളൈറ്റായി സർവീസ് നടത്തുന്നത് എയർ ഇന്ത്യയാണ്.

വന്ദേഭാരത് മിഷനിൽ എയർ എന്ത്യയിൽ ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന പ്രവാസി ടിക്കറ്റിനായി 79 ബഹറൈൻ ദീനാർ (16000 രൂപ) കൊടുക്കുമ്പോൾ ചാർട്ടേഡായി പോകുന്ന എയർ ഇന്ത്യക്ക് 120 ദീനാർ (24000) നൽകണം. കൊച്ചിയിലേക്കാണെങ്കിൽ യഥാക്രമം 84ഉം 120ഉം ആണ് നിരക്ക്. സാധാരണ നിരക്കിനേക്കാൾ ഉയർന്നതാണ് വന്ദേഭാരത് മിഷന്റെ നിരക്ക് എന്ന വിമർശനമൊക്കെ ഇതിനിടയിൽ മുങ്ങിപ്പോയി.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

വന്ദേഭാരത് മിഷനിൽ നാട്ടിലേക്ക് പോകാൻ എംബസിയിൽ അപേക്ഷ നൽകിയിട്ടും പരിഗണിക്കപ്പെടാതെ പോയ രോഗികളും ഗൾഭിണികളും ജോലി നഷ്ടമായവരുമാണ് ചാർട്ടേഡ് വിമാനത്തിൽ പോകാൻ സംഘടനകളെ സമീപിച്ചിട്ടുളളത്. കേന്ദ്ര സർക്കാരും എയർ ഇന്ത്യയും ആവശ്യമായത്ര സർവീസ് നടത്തിയിരുന്നെങ്കിൽ പ്രവാസികളിലാർക്കും സംഘടനകളെ ആശ്രയിക്കേണ്ട ഗതികേട് വരില്ലായിരുന്നു. മതിയായ സർവീസ് നടത്തുന്നില്ലെന്ന് മാത്രമല്ല അതിന് പകരം സ്വകാര്യ സർവീസ് നടത്തി പ്രവാസികളെ പിഴിയാനാണ് സർക്കാറും എയർ ഇന്ത്യയും ശ്രമിക്കുന്നത്. സർക്കാർ ആശുപത്രിയിൽ ചെയ്യേണ്ട ജോലി ചെയ്യാതെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സർക്കാർ ഡോക്ടറൊക്കെ എയർ ഇന്ത്യയുടെ ഈ കൃത്യവിലോപത്തിന് മുന്നിൽ ഒന്നുമല്ല.

ദുബൈയിൽ നിന്ന് 900 യു.എ.ഇ ദിർഹമിന് ടിക്കറ്റ് നിരക്കിൽ ചാർട്ടേഡ് സർവീസ് നടത്താൻ ഗോ എയർ തയ്യാറായിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. പകരം 1250 ദിർഹം ഈടാക്കുന്ന സ്‌പൈസ് ജെറ്റിനാണ് അനുമതി നൽകിയത്. ദുരിതത്തിലായ പ്രവാസികളെയാണോ അതല്ല വിമാന കമ്പനികളെയാണോ ഈ നടപടിയിലൂടെ കേന്ദ്ര സർക്കാർ സഹായിക്കുന്നത്?

വന്ദേ ഭാരത് മിഷനിൽ കേരളം അനുമതി നൽകിയ 360 വിമാനങ്ങളിൽ 324 ഉം ഇതുവരെ സംസ്ഥാനത്തെത്തിയിട്ടില്ലെന്ന ഗൗരവമുളള വിഷയം ചാർട്ടേഡ് വിമാന വിവാദത്തിനിടയിൽ അവഗണിക്കപ്പെടുകയാണ്. ആ സർവീസ് നടത്താൻ മെനക്കെടാതെയാണ് എയർ ഇന്ത്യ ചാർട്ടേഡ് വിമാനമായി ഓടാൻ പോകുന്നത്. ചേരി തിരിഞ്ഞ് വാദങ്ങൾ മുഴക്കുന്നവർ ഇക്കാര്യം നടപ്പിലാക്കാനാണ് ഒന്നിച്ച് ശബ്ദം മുഴക്കേണ്ടത്. ബി.ജെ.പി അനുകൂലികളായ പ്രവാസികളെ കൂടി ബാധിക്കുന്നതാണ് ഈ തീരുമാനമെന്ന് മനസ്സിലാക്കാനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും അവരും മുന്നോട്ടു വരണം.

അതു പോലെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ഐ.സി.ഡബ്ല്യു.എഫിൽ) നിന്ന് അർഹരായ ആളുകൾക്ക് ടിക്കറ്റ് നൽകാനും പ്രവാസികൾ ഒന്നിച്ചാവശ്യപ്പെടണം. പ്രവാസികൾ സ്വന്തം വിയർപ്പിൽ നിന്ന് നൽകിയ ഫണ്ടിൽ കോടിക്കണക്കിന് രൂപ എല്ലാ എംബസികളിലും കെട്ടിക്കിടക്കുമ്പോൾ ടിക്കറ്റിനായി മുതലാളിമാരുടെ കൈയും കാലും പിടിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ പ്രതിഷേധമുയരണം.

ഇതിനെതിരെ പ്രതികരിക്കാനും ഒന്നിച്ച് നിൽക്കാനും ശ്രമിക്കുന്നതിന് പകരം കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയിൽ മികച്ച പ്രകടനം നടത്തിയ കേരള സർക്കാരിനെ താറടിക്കാൻ വലതു മുന്നണിയും കെ.എം.സി.സി പോലുളളവരുടെ പ്രവർത്തനത്തെ കൊച്ചാക്കാൻ ഇടതു മുന്നണിയും വാട്‌സആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും പോരാടുമ്പോൾ യഥാർത്ഥ പ്രതി രക്ഷപ്പെടുകയും യഥാർത്ഥ പ്രശ്‌നങ്ങൾ അവഗണിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

(ദുരിത കാലത്ത് എങ്ങനെയെങ്കിലും പ്രവാസികളെ സഹായിക്കുക എന്ന ഉദ്ദേശത്തിൽ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്ന സംഘടനകളെ വിമർശിക്കുക എന്നത് ഈ പോസ്റ്റിന്റെ ഉദ്ദേശമേയല്ല. പ്രവാസികളെ ചൂഷണം ചെയ്യുന്ന സർക്കാർ നിലാടിനെതിരെയാണ് ഈ കുറിപ്പ് )

 

 

Latest News