Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് ആന ചരിഞ്ഞ സംഭവം; കർഷകൻ അറസ്റ്റിൽ

പാലക്കാട്- സൈലന്റ്‌വാലിക്കടുത്ത് ഗർഭിണിയായ പിടിയാന ചെരിഞ്ഞ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കർഷകനായ വിൽസൺ എന്നയാളാണ് അറസ്റ്റിലായത്. അമ്പലപ്പാറയിൽ കർഷകനായ ഇദ്ദേഹം ഭൂമി പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. സ്‌ഫോടക വസ്തു വെച്ചവരെന്ന് സംശയിക്കുന്ന മൂന്നു പേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കൃഷിയിടങ്ങളിൽ സാധാരണ വെക്കുന്ന പന്നിപ്പടക്കമാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
സംഭവത്തിൽ വനംവകുപ്പും പോലീസും സംയുക്തമായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഷൊർണൂർ ഡിവൈ.എസ്.പി എൻ.മുരളീധരൻ, മണ്ണാർക്കാട് ഡി.എഫ്.ഒ കെ.കെ.സുനിൽകുമാർ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് അന്വേഷണം. എവിടെ വെച്ചാണ് ആനക്ക് അപകടം സംഭവിച്ചത് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ജില്ലാ പോലീസ് സൂപ്രണ്ട് ജി.ശിവവിക്രം ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചു. തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് ആനയെ അവശനിലയിൽ കണ്ടത്. ആന ചെരിഞ്ഞ സ്ഥലത്ത് നിന്ന് ഒരു സംഘവും കരുവാരക്കുണ്ടിൽ നിന്ന് മറ്റൊരു സംഘവും നാളെ അന്വേഷണമാരംഭിക്കും. മലപ്പുറം പോലീസിന്റേയും നിലമ്പൂർ ഫോറസ്റ്റ് ഡിവിഷന്റേയും സഹകരണം ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്. വനമേഖലയോട് ചേർന്നുള്ള ഏതെങ്കിലും തോട്ടത്തിൽ പന്നിയെ തുരത്തുന്നതിന് പൈനാപ്പിളിലോ മറ്റോ പൊതിഞ്ഞ് നിക്ഷേപിച്ച തോട്ട പൊട്ടിയാണ് ആനക്ക് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ വിഷയം വർഗീയവൽക്കരിക്കാൻ ഒരു വിഭാഗം നടത്തുന്ന ശ്രമം വ്യാപകമായ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. പൈനാപ്പിളിൽ പൊതിഞ്ഞ തോട്ട കടിച്ച് ഗർഭിണിയായ കാട്ടാന ചെരിഞ്ഞ വാർത്ത വിദേശമാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തു. മലപ്പുറം ജില്ലയിൽ നടക്കുന്ന ക്രൂരതയായി സംഭവത്തെ ചിത്രീകരിച്ച് മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനകാഗാന്ധി നവമാധ്യമങ്ങളിൽ നടത്തിയ പ്രചരണത്തിനെതിരേ നിരവധി പേർ രംഗത്തെത്തി.

 

Latest News