തിരുവനന്തപുരം- കണിയാപുരത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തതായി പരാതി. കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതി അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. അവര്‍ ക്രൂരമായ പീഡനത്തിന് വിധേയയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലിസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
നാലു മണിയോടെ ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ഇയാള്‍ യുവതിയെ ബലം പ്രയോഗിച്ച് കുടിപ്പിക്കുകയും ചെയ്തു. ശേഷമാണ് സുഹൃത്തുക്കളും ഇയാളും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്. ഇതിനിടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട യുവതി വഴിയില്‍ കണ്ട വാഹനത്തിന് കൈകാണിച്ചതോടെ നാട്ടുകാരും വിവരമറിഞ്ഞു. ഇവരെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ബോധം തെളിഞ്ഞ ശേഷം മൊഴിയെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.