മലപ്പുറം- പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആന ചരിഞ്ഞ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറത്തിനെതിരെ കടുത്ത പ്രസ്താവന നടത്തിയ മനേകാ ഗാന്ധിയുടെ നിലപാടിനെതിരേ മലപ്പുറം ജില്ലയിൽ വ്യാപക പ്രതിഷേധം. ഇത്തരം പ്രസ്താവന അസംബന്ധവും അവഹേളനപരവും അൽപ്പത്തരവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ 'ചാണകം തളിക്കൽ' സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനേകയുടെ പ്രസ്താവന വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. വന്യമൃഗങ്ങളെ അന്യായമായി കൂട്ടംകൂടി കൊന്നൊടുക്കുമെന്ന പ്രദേശമെന്നുള്ള പ്രസ്താവനക്ക് നിദാനമായ വസ്തുത എന്താണെന്ന് പറയേണ്ട ഉത്തരവാദിത്തം മനേകയ്ക്കുണ്ട്. സുബ്രഹ്മണ്യസ്വാമി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നിരവധി തവണ പറഞ്ഞിട്ടും സ്ഥാപിക്കപ്പെടാൻ കഴിയാതെ പോയ കളവിനെ വീണ്ടും ആവർത്തിച്ച് സ്ഥാപിച്ചെടുക്കാമെന്നുള്ളത് മനേകയുടെ വ്യാമോഹം മാത്രമാണെന്നു അദ്ദേഹം പറഞ്ഞു. ജനാധിപത്യ മാർഗത്തിലൂടെ ഇത്തരം അസഭ്യ പ്രസ്താവനകളെ പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എൻ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അൻവർ മുള്ളമ്പാറ, ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ, ഭാരവാഹികളായ എൻ.പി അക്ബർ, ഹക്കീം കോൽമണ്ണ, കെ.പി സവാദ്, ഹുസൈൻ ഉള്ളാട്ട്, ഷാഫി കാടേങ്ങൽ, ഷരീഫ് മുടിക്കോട്, സൈഫു വല്ലാഞ്ചിറ, സി.പി സാദിഖലി, സുബൈർ മൂഴിക്കൽ, സദാദ് കാമ്പ്ര, ഫെബിൻ കളപ്പാടൻ, നവാഷിദ് ഇരുമ്പൂഴി, സ്വാലിഹ് മാടമ്പി നേതൃത്വം നൽകി.