Sorry, you need to enable JavaScript to visit this website.

മസ്ജിദുകളിലെ വൈദ്യുതി മോഷണം:  തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് കമ്പനി

റിയാദ് - രാജ്യത്തെ മസ്ജിദുകളിൽ നടക്കുന്ന വൈദ്യുതി മോഷണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും വൈദ്യുതി മീറ്ററുകൾക്ക് പുറത്തുള്ള കൈയേറ്റങ്ങളും മോഷണങ്ങളും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മസ്ജിദുകളിലെ വൈദ്യുതി മോഷണം തടയാൻ സൗദി ഇലക്ട്രിസിറ്റി കമ്പനി സഹകരിക്കുന്നില്ലെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സമീപത്തെ പെട്രോൾ ബങ്കുകളിലേക്കും ഇസ്തിറാഹകളിലേക്കും വീടുകളിലേക്കും വരെ മസ്ജിദുകളിൽ നിന്ന് വൈദ്യുതി വലിക്കുന്നുണ്ടെങ്കിലും മീറ്റർ റീഡിംഗ് എടുക്കുന്ന സൗദി ഇലക്ട്രിസിറ്റി കമ്പനി ജീവനക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. 


ചില മസ്ജിദുകളിൽ നിന്ന് വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി മോഷ്ടിക്കുന്നതായി നേരത്തേ ശ്രദ്ധയിൽ പെട്ടിരുന്നെന്നും ഇത്തരം മോഷണങ്ങളെല്ലാം ഈ വർഷാദ്യം അവസാനിപ്പിച്ചിട്ടുണ്ടെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ആകെ 2831 മീറ്ററുകളിലാണ് മോഷണം കണ്ടെത്തിയത്. ആകെ പരിശോധിച്ച മീറ്ററുകളിൽ മൂന്നു ശതമാനത്തിൽ മാത്രമാണ് മോഷണം കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ 2809 മീറ്ററുകളിലെയും മോഷണം കമ്പനി അവസാനിപ്പിച്ചു. അവശേഷിക്കുന്ന 22 മീറ്ററുകളിലെ മോഷണം അവസാനിപ്പിക്കാൻ മസ്ജിദുകളുടെ ഉൾവശത്തെ കേബിളുകളിൽ സാങ്കേതിക പോംവഴികൾ സ്വീകരിക്കേണ്ടതുണ്ട്. ഇത് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ കണക്ഷനുകളിലും മീറ്റർ ഫിറ്റിംഗിലും തകരാറുകളില്ല. മസ്ജിദുകളിൽ കണ്ടെത്തിയ വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കഴിഞ്ഞ വർഷം ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന് സൗദി ഇലക്ട്രിസിറ്റി കമ്പനി സമർപ്പിച്ചിരുന്നു.


ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ മുഴുവൻ മീറ്ററുകളും കഴിഞ്ഞ വർഷം കമ്പനി പരിശോധിച്ചു. മന്ത്രാലയത്തിനു കീഴിലെ മസ്ജിദുകളിൽ 81,000 മീറ്ററുകളാണുള്ളത്. മസ്ജിദുകളിൽ വൈദ്യുതി മോഷണം നടക്കുന്നതായി ഇസ്‌ലാമികകാര്യ മന്ത്രാലയത്തിൽ നിന്ന് പരാതികൾ ലഭിച്ചയുടൻ മുഴുവൻ മീറ്ററുകളും കമ്പനി പരിശോധിച്ചിരുന്നു. മസ്ജിദുകളിൽ മീറ്ററുകൾ ഘടിപ്പിക്കുകയും വൈദ്യുതി കണക്ഷൻ നൽകുകയും മാത്രമാണ് കമ്പനിയുടെ ചുമതല. മീറ്ററുകൾക്കു പുറത്ത് കണക്ഷനുകൾ വലിക്കുന്നത് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തിൽ പെട്ട കാര്യമാണ്. വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റി നിയമവും ഇക്കാര്യം വ്യക്തമാക്കുന്നു. 


വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ പരാതിയിൽ കമ്പനി സത്വര നടപടികൾ സ്വീകരിച്ചിരുന്നു. മീറ്ററുകളുടെ സാങ്കേതിക പരിശോധനയുടെ ആദ്യ ഘട്ടം പൂർത്തിയായതായും വൈദ്യുതി മോഷണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ടം സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി സഹകരിച്ച് ആരംഭിച്ചതായും ഇസ്‌ലാമികകാര്യ മന്ത്രാലയം തന്നെ നേരത്തേ അറിയിച്ചിരുന്നു. പരിശോധനകളിൽ മീറ്ററുകൾ വരെയുള്ള കണക്ഷനുകൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. മീറ്ററുകൾക്കു ശേഷമാണ് വൈദ്യുതി മോഷണങ്ങൾ കണ്ടെത്തിയത്. ഇത് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തിൽ പെട്ട കാര്യമായതിനാൽ ഇതേ കുറിച്ച് മന്ത്രാലയത്തെ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. മസ്ജിദുകളിലെ ഉൾവശത്തു നിന്നുള്ള കണക്ഷനുകൾ വഴിയുള്ള വൈദ്യുതി മോഷണം അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ മറുപടി തങ്ങൾ കാത്തിരിക്കുകയാണെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 

Latest News