റിയാദ് - വിവിധ പ്രവിശ്യകളിൽ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിൽ അനധികൃതമായി പൂഴ്ത്തിവെച്ച 2.2 കോടി മാസ്‌കുകൾ പിടികൂടി. ഇവ മിതമായ നിരക്കിൽ പ്രാദേശിക വിപണിയിൽ ഉപയോക്താക്കൾക്ക് വിൽക്കാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചു. മാസ്‌കുകളുടെ വില അന്യായമായി ഉയർത്തിയതുമായി ബന്ധപ്പെട്ട 825 നിയമ ലംഘനങ്ങളും വാണിജ്യ മന്ത്രാലയം കണ്ടെത്തി.
കൊറോണ പ്രതിസന്ധി മുതലെടുത്ത് മാസ്‌കുകളുടെ വില അന്യായമായി ഉയർത്തിയ സ്ഥാപനങ്ങൾക്ക് വാണിജ്യ മന്ത്രാലയം തൽക്ഷണം പിഴ ചുമത്തി. മാസ്‌കുകളുടെ വില അന്യായമായി ഉയർത്തിയതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ഏറ്റവുമധികം കണ്ടെത്തിയത് റിയാദ് പ്രവിശ്യയിലാണ്. രണ്ടാം സ്ഥാനത്ത് മക്ക പ്രവിശ്യയും മൂന്നാം സ്ഥാനത്ത് കിഴക്കൻ പ്രവിശ്യയുമാണ്. അൽഖസീം, മദീന, ജിസാൻ, അസീർ, ഹായിൽ, അൽജൗഫ്, നജ്‌റാൻ അൽബാഹ, തബൂക്ക് പ്രവിശ്യകളാണ് യഥാക്രമം തൊട്ടുപിന്നിൽ. ഏറ്റവും കുറച്ച് നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ഉത്തര അതിർത്തി പ്രവിശ്യയിലാണ്.
റിയാദിൽ 194 ഉം മക്കയിൽ 167 ഉം കിഴക്കൻ പ്രവിശ്യയിൽ 102 ഉം അൽഖസീമിൽ 64 ഉം മദീനയിൽ 57 ഉം ജിസാനിൽ 53 ഉം അസീറിൽ 43 ഉം ഹായിലിൽ 42 ഉം അൽജൗഫിൽ 27 ഉം നജ്‌റാനിൽ 23 ഉം അൽബാഹയിൽ 19 ഉം തബൂക്കിൽ 18 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 16 ഉം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.