തിരുവനന്തപുരം- സംസ്ഥാനത്തെ ആരാധനാലയങ്ങൾക്കുള്ള നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മതനേതാക്കളുമായി ചർച്ച നടത്തി.
ക്ഷേത്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് ചർച്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും ഹിന്ദു സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു. വൈകിട്ട് മൂന്ന് മണിക്കായിരുന്നു ദേവസ്വം ബോർഡ് പ്രതിനിധികളുമായുള്ള ചർച്ച. രാവിലെ മുസ്ലിം, ക്രൈസ്തവ പണ്ഡിതരുമായി ചർച്ച നടത്തിയിരുന്നു.
ഇന്നത്തെ ചർച്ചയിൽ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നും വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി വേണമെന്നാണ് പൊതുവിൽ ഉയർന്ന ആവശ്യം.