ചെന്നൈ-ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചെന്നൈയില്‍ കുടുങ്ങിയ മലയാളി യുവാവ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ . വടകര മുടപ്പിലാവില്‍ മാരാന്മഠത്തില് ടി ബിനീഷ് (41) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ ചായക്കച്ചവടക്കാരനായിരുന്ന ബിനീഷ് നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെ യാത്ര റദ്ദാക്കിയ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. തന്റെ മരണം ഒരു പ്രവാസിയുടെ സമരമാണെന്നും മാനസികമായി തളര്‍ന്ന തങ്ങളെ ആര് സംരക്ഷിക്കുമെന്നും നിയമം മനുഷ്യന്റെ പ്രാണന് എടുക്കുന്നുവെന്നും അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
''
'ഒരു മലയാളി നാട്ടിലെത്തുമ്പോള്‍ കോവിഡുമായാണ് വരുന്നതെന്നു ധരിക്കുന്നവരുണ്ട്. രണ്ടുസര്‍ക്കാരുകളും തീവണ്ടിയും ബസും നാട്ടിലേക്ക് വിട്ടില്ല. മാനസികമായി തളര്‍ന്ന ഞങ്ങളെ ആരുസംരക്ഷിക്കും. നിയമം നല്ലതാണ്. പക്ഷേ, അത് മനുഷ്യന്റെ പ്രാണനെടുക്കുന്നു. സാധിക്കുമെങ്കില്‍ എന്റെ മൃതദേഹം നാട്ടില്‍ അടക്കംചെയ്യണം. നിയമം എല്ലാവര്ക്കും ഒരേ പോലെയാണ്. ഒരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന് എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്''- എന്നാണ് കുറിപ്പില്‍ എഴുതിയത്.'' ബിനീഷിന്റെ മരണത്തില്‍ പോലിസ് കേസെടുത്തു.