കുവൈത്ത് സിറ്റി- രാജ്യത്ത് വിദേശികളെ ഗണ്യമായി കുറയ്‌ക്കേണ്ടത് അനിവാര്യമായിരിക്കയാണെന്ന് കുവൈത്ത് പ്രധാനമന്ത്രി സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് പറഞ്ഞു.
സ്വദേശികളുമായുള്ള വിദേശി അനുപാതം 70 ശതമാനത്തില്‍നിന്ന് 30 ശതമാനമായി കുറയ്ക്കാനാണ് നീക്കം.
കുവൈത്തിലുള്ള 48 ലക്ഷം ജനങ്ങളില്‍ 33 ലക്ഷവും വിദേശികളാണെന്നും ഈ അസുന്തലിതത്വം പരിഹരിച്ചേ മതിയാകൂയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനസംഖ്യയില്‍ 70 ശതമാനം കുവൈത്തികളും 30 ശതമാനം വിദേശികളുമായി മാറുന്നതാണ് സ്വീകാര്യമായ ജനസംഖ്യാ സന്തുലിതത്വമെന്ന് അദ്ദേഹം പ്രാദേശിക പത്രങ്ങളുടെ എഡിറ്റര്‍മാരോട് പറഞ്ഞു. ജനസംഖ്യാ അസുന്തലിതത്വം പരിഹരിക്കുക ഭാവിയില്‍ വലിയ വെല്ലുവളിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അയല്‍ രാജ്യങ്ങളെ പോലെ കുവൈത്തിലും ഏഷ്യക്കാരാണ് വിദേശ തൊഴിലാളികളില്‍ കൂടുതല്‍. എണ്ണ വിലയിടിവും കോവിഡും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുവൈത്ത് സ്വന്തം ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പാടുപെടുകയാണ്.
കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി 1500 വിദേശ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈത്ത് എയര്‍വേയസ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.