ടി.എ.എം ശരീഫിന്റെ ഫേസ് ബുക്ക് കുറിപ്പ്
വിദേശത്ത് നിന്നും പ്രവാസികള്‍ കൂട്ടം കൂട്ടമായി നാട്ടിലേക്ക് തിരിച്ച് വരികയാണ്. ഉപജീവനത്തിനായി തൊഴില്‍ ചെയ്യുവാന്‍ പലര്‍ക്കും സാമ്പത്തിക സഹായം ആവശ്യം വരുമ്പോള്‍ കിടപ്പാടം വരെ പണയപ്പെടുത്തി ബാങ്കില്‍ നിന്നും ലോണ്‍ തരപ്പെടുത്താറുണ്ട്. ലോണ്‍ കിട്ടി എന്നത് പലരും സന്തോഷത്തോടെ ഉച്ചത്തില്‍ വെളിപ്പെടുത്തുകയും ചെയ്യും.
തിരിച്ചടവിന് ക്‌ളിപ്തമായ വരുമാനം ഇല്ലാത്തവര്‍ ലോണെടുത്താല്‍ അതായത് ഭാവിയില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനം അപ്രതീക്ഷിതമായി കിട്ടാതെ വന്നാല്‍ ലോണ്‍ കെണീയായി മാറുന്നതായി കാണാം. ഇപ്പോള്‍ കൊറോണാ വന്നത് അപ്രതീക്ഷിതമായാണ്. അത് പോലെ അവിചാരിതമായ തടസ്സങ്ങള്‍ ഏത് വഴി വരുമെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ. നീണ്ട കോടതി ജീവിത അനുഭവത്തില്‍ നിന്നും ലോണ്‍ എടുത്ത് തിരിച്ചടവ് സാധിക്കാത്ത ആള്‍ക്കാര്‍ക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ ധാരാളം കാണാന്‍ ഇടവന്നിട്ടുണ്ട്. അതില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് ഇപ്രകാരമാണ്.
(1) കട ബാദ്ധ്യത ഒരുവന്റെ അഭിമാനം നഷ്ടപ്പെടുത്തുന്നു.
(2) പലിശക്ക് ഉറക്കമില്ല. നാം ഉറങ്ങുമ്പോഴും പലിശ ഉണര്‍ന്ന് തന്നെ ഇരിക്കുന്നു.
തുള്ളി തുള്ളിയായി പൈപ്പില്‍ നിന്നും വെള്ളം വീഴുമ്പോള്‍ നാം കരുതും, തുള്ളിയല്ലേ ഉള്ളൂ എന്ന്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പൈപ്പിലെ ഈ തുള്ളിക്ക് താഴെ ഒരു ബക്കറ്റ് വെക്കുക, നേരം വെളുക്കുമ്പോള്‍ ബക്കറ്റ് നിറഞ്ഞിരിക്കും. അതാണ് പലിശ. അതിന് ഉറക്കമില്ല. പലിശ കൊടുക്കുന്നവരില്‍ പലരും രക്ഷപെട്ടതായി അറിയില്ല.
മറ്റൊരു തരം ബാങ്ക് ഇടപാടുകള്‍ ഉണ്ട്. കൂടുതലും വാഹന ഇടപാടിലാണ് അത് സംഭവിക്കുന്നത്. ബ്‌ളൈഡ് അല്ല, കൊടുവാളാണ് അവര്‍ ഉപയോഗിക്കുന്നത്. കൃത്യ സമയത്ത് തിരിച്ചടവ് ഉണ്ടായില്ലെങ്കില്‍ ആ ഓരോ തിരിച്ചടവിനും പിഴ പലിശ ഈടാക്കുന്ന സമ്പ്രദായമാണ് അത്. വാഹന ലോണെടുത്തവര്‍ ഞാന്‍ എല്ലാ തവണയും അടച്ചല്ലോ എന്ന സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ ആയിരിക്കും പിഴ പലിശ ഒരു വന്‍ തുകയായി നില നില്‍ക്കുന്നത് കാണപ്പെടുന്നത്. ഇതില്‍ ഒരു സവിശേഷത ഉള്ളത് നാം തിരക്കിയില്ലെങ്കില്‍ ഈ പിഴ പലിശ കാര്യം ബാങ്ക്കാര്‍ നമ്മോട് ഉരിയാടുക പോലുമില്ല എന്നതാണ്. ഇപ്പോള്‍ ഈ കോവിഡ് കാലത്ത് സര്‍ക്കാര്‍ തിരിച്ചടവിന് കുറച്ച് കാലത്തേക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തി.ഒരു സത്യം തിരിച്ചറിയുക,തിരിച്ചടവിന് സാവകാശം ലഭിക്കുന്നു എന്നേ ഉള്ളൂ പക്ഷേ ഒരു പൈസാ പോലും പലിശ കുറവ് വരില്ല, അത് അവസാനം നമ്മള്‍ അടക്കേണ്ടി വരുക തന്നെ ചെയ്യും.
വാഹന ലോണ്‍ തരുന്ന കേരളത്തിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം തിരിച്ചടവ് മുടങ്ങുമ്പോള്‍ വാഹനം പിടിച്ചെടുക്കും. കടക്കാരന്‍ കരുതും വാഹനം കൊണ്ട് പോയല്ലോ സൊല്ല ഒഴിഞ്ഞു എന്ന്. പക്ഷേ ആ കമ്പനി വാഹനം പിടിച്ചെടുത്തതിന് ശേഷം ആക്രി വിലയിട്ട് ആ വില തുക, തിരിച്ചടവ് തുകയില്‍ വരവ് വെച്ചിട്ട് അവരുടെ കണക്കിന്‍ പ്രകാരമുള്ള ബാക്കി മുതലിനും പലിശക്കും ലോണ്‍ എടുത്തവന്‍ ബാങ്കില്‍ കൊടുത്തിരുന്ന ബ്‌ളാങ്ക് ചെക്കുകളില്‍ തുകകള്‍ എഴുതി കേസില്‍ കുരുക്കും. ഇപ്രകാരം കേസുകള്‍ ധാരാളം കോടതിയിലും അദാലത്തുകളിലും വന്നത് കാണാനിട വന്നിട്ടുണ്ട്.
ഒരു കാര്യം പറഞ്ഞ് ഈ കുറിപ്പുകള്‍ അവസാനിപ്പിക്കട്ടെ, അല്‍പ്പം ബുദ്ധിമുട്ടുകള്‍ സഹിച്ചാലും (അത് നമുക്ക് കഴിയും, കാരണം ഈ ലോണ്‍ എടുക്കുന്നതിന് മുമ്പ് നാം ജീവിച്ചിരുന്നല്ലോ) ക്‌ളിപ്തമായ വരുമാനം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍.... കഴിയുന്നതും ലോണ്‍ തരപ്പെടുത്താതിരിക്കുക,
അത്‌കൊണ്ട് നിങ്ങള്‍ക്ക് കിട്ടുന്ന പ്രയോജനം, മുണ്ട് മുറുക്കി ഉടുത്താലും മനസ്സമാധാനത്തോടെ രാത്രി കിടന്ന് ഉറങ്ങാം. അതല്ലേ ഏറ്റവും വലിയ സന്തോഷം.