ദമാം-സൗദിയിലെ വിമാനതാവളങ്ങൾ അടച്ചതിനു ശേഷം കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ നിന്നും കൊച്ചിയിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത 169 യാത്രക്കാരെയുമായി ബുധനാഴ്ച ഉച്ചക്ക് 11 മണിക്കു ദമാമിൽ നിന്നും പുറപ്പെട്ട വിമാനം വൈകിട്ട് 6 മണിക്ക് കൊച്ചിയിൽ ഇറങ്ങി. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കമ്പനിയിലെ ജീവനക്കാർക്കു വേണ്ടി മാത്രമാണ് ഈ വിമാന സേവനം ഒരുക്കിത്. ദാദാഭായി ട്രാവൽ ഏജൻസിയാണ് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള യാത്രാനുമതി ലഭ്യമാക്കിയത്.
ഇതിനു സമാനമായി തന്നെയാണ് ഇന്നലെയും മൂന്നു ഗൾഫ് എയർ വിമാനങ്ങൾ ദമാമിൽ നിന്നും പറന്നുയർന്നു. അഹമ്മദാബാദ്, ചെന്നൈ, മംഗലാപുരം സെക്ടറുകളിലേക്കാണ് ഓരോ വിമാനത്തിലും 169 യാത്രക്കാരുമായി പോയത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ കമ്പനികളിൽ നിന്നും അവരുടെ അപേക്ഷ പ്രകാരം ജോലി നഷ്ടപ്പെട്ട തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്. കഴിഞ്ഞ രണ്ടു മാസക്കാലമായി നിരന്തരമായ ഇടപെടലുകളും പ്രവർത്തനവും കൊണ്ടാണ് യാത്രക്കുള്ള രേഖകളും പ്രമാണങ്ങളും ശരിയാക്കാനും ഒടുവിൽ വിമാനങ്ങൾക്കുള്ള അനുമതി ലഭ്യമായതെന്നും ദാദാഭായി ട്രാവൽ വൃത്തങ്ങൾ പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിലേക്കടക്കം ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സാധാരണക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള സർവ്വീസുകൾക്കുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഇവർ അറിയിച്ചു.