റിയാദ്- ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന സേവനങ്ങൾ കൂടുതൽ സൗദി, വിദേശ കമ്പനികൾക്കും യാത്രക്കാർക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിന് വ്യോമയാന മേഖലയിൽ നിലവിൽ ബാധകമാക്കിയ ഫീസുകളും നികുതികളും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുനഃപരിശോധിക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വാർഷിക റിപ്പോർട്ട് വിശകലനം ചെയ്താണ് വ്യോമയാന മേഖലാ ഫീസുകളും നികുതികളും പുനഃപരിശോധിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടത്. പ്രായം ചെന്നവർക്കും വികലാംഗർക്കും ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകൡൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ വിമാന കമ്പനികളെ പ്രേരിപ്പിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
സൗദിയിലെ ആഭ്യന്തര, റീജിയണൽ, അന്താരാഷട്ര എയർപോർട്ടുകളിൽ ഡിപ്പാർച്ചർ ടെർമിനലുകളിലെ നമസ്‌കാര സ്ഥലങ്ങൾ വികസിപ്പിക്കുകയും നമസ്‌കാര സ്ഥലങ്ങളുടെ എണ്ണം വർധിപ്പിക്കുകയും വേണം. വിമാന രജിസ്‌ട്രേഷൻ നടപടികളും സാധുതാ സർട്ടിഫിക്കറ്റ്, ലാന്റിംഗ് ലൈസൻസ് അനുവദിക്കൽ നടപടികളും എളുപ്പമാക്കുകയും ഈ മേഖലകളിൽ നിലവിൽ പിന്തുടരുന്ന മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിക്കുകയും വേണം. ദേശീയ വ്യോമയാന തന്ത്രത്തിന്റെ ഭാഗമായി സ്വകാര്യ എയർപോർട്ട് മാനദണ്ഡങ്ങൾ അംഗീകരിക്കണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.
സൗദിയിലെ അതിർത്തി പ്രവിശ്യകളിൽ കഴിയുന്ന സൗദി പൗരന്മാരുടെയും വിദേശികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇവിടങ്ങളിൽ നിന്ന് മദീനയിലേക്ക് ഡയറക്ട് സർവീസുകൾ നടത്താൻ വിമാന കമ്പനികളെ പ്രോത്സാഹിപ്പിക്കണം. ജിസാൻ പ്രവിശ്യയിലെ ഫുർസാൻ ദ്വീപിൽ എയർപോർട്ട് സ്ഥാപിക്കുന്ന കാര്യവും പഠിക്കണം. ഇതുമായി ബന്ധപ്പെട്ട് കൗൺസിൽ അംഗം എൻജിനീയർ മുഫ്‌റഹ് അൽസഹ്‌റാനി സമർപ്പിച്ച ശുപാർശ കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
സൗദി അറേബ്യക്കകത്തുനിന്നും വിദേശങ്ങളിൽനിന്നും ഹജ് സർവീസുകൾക്ക് വാടകക്കെടുക്കുന്ന വിമാനങ്ങളുടെ ശുചിത്വം, സുരക്ഷ, മെയിന്റനൻസ് എന്നിവ അടക്കമുള്ള പൊതുസ്ഥിതിഗതികൾ ഉറപ്പുവരുത്തണം. ജിദ്ദ എയർപോർട്ടുകളിലേക്കുള്ള ഹജ് സർവീസുകളുടെ സമയക്രമം പാലിക്കാൻ വിമാന കമ്പനികളെ നിർബന്ധിക്കണമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനോട് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.