Sorry, you need to enable JavaScript to visit this website.

ഉയരാതെ നേന്ത്രക്കുല വില; നഷ്ടത്തിൽ മുങ്ങി വാഴക്കൃഷിക്കാർ

കൽപറ്റ-കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ നേന്ത്രക്കുല വ്യാപാര രംഗത്തുണ്ടായ മാന്ദ്യം വയനാട്ടിലെ വാഴ ക്കൃഷിക്കാരെ തളർത്തുന്നു. മൂപ്പെത്തിയ നേന്ത്രക്കുലകൾ വെട്ടിവിൽക്കുന്ന കർഷകർക്കു ഉൽപാദനച്ചെലവിനു ആനുപാതികമായ വില ലഭിക്കുന്നില്ല. കാറ്റിലും മഴയിലും വാഴകൾ കൂട്ടത്തോടെ നിലംപൊത്തിയതു കൃഷിക്കാർക്കു മറ്റൊരു ആഘാതമായി. വാഴത്തോപ്പുകൾ രോഗങ്ങളുടെ പിടിയിലമരുന്നതും കൃഷി അനാദായകരമാക്കുകയാണ്. 
ഏതാനും മാസങ്ങളായി നഷ്ടത്തിന്റെ കണക്കു മാത്രമാണ് വാഴക്കൃഷിക്കാർക്കു പറയാനുള്ളത്. മേത്തരം (ഫസ്റ്റ് ക്വാളിറ്റി) നേന്ത്രക്കുല കിലോഗ്രാമിനു 18 രൂപ മുതൽ 20 രൂപ വരെയാണ് ഇന്നലെ പ്രദേശിക വിപണിയിൽ വില. 
സെക്കൻഡ് ക്വാളിറ്റി കുലകൾക്കു കിലോഗ്രാമിനു 10 രൂപയിൽ താഴെയാണ് വില കിട്ടുന്നത്. എന്നിരിക്കേ കർഷകർ നേരിടുന്ന നഷ്ടം ഭീമമാണ്.  നേന്ത്രവാഴ കൃഷി മുതലാകണമെങ്കിൽ കുല കിലോഗ്രാമിനു 35 രൂപയെങ്കിലും വില ലഭിക്കണമെന്നു കർഷകർ പറയുന്നു. കൃഷി വകുപ്പ് വിപണിയിൽ നടത്തുന്ന ഇടപെടൽ നേന്ത്രക്കായ വില നിലംപറ്റേ ഇടിയുന്നതിനു ഒഴിവാക്കുന്നതിനു ഉതകുന്നുണ്ടെങ്കിലും മെച്ചപ്പെട്ട വില ഉറപ്പു വരുത്തുന്നതിനു പര്യാപ്തമാകുന്നില്ല. 
ഒരു നേത്രവാഴ നല്ല നിലയിൽ നട്ടുപരിപാലിക്കുന്നതിനു 200 രൂപയോളമാണ് ചെലവ്. എന്നാൽ ഒരു വാഴയിൽ വിളയുന്ന കുല വെട്ടിവിറ്റാൽ ഈ തുക ലഭിക്കില്ല. ശരാശരി 10 കിലോഗ്രാമാണ് ഒരു നേന്ത്രക്കുലയുടെ തൂക്കം. ഓരോ കുല തൂക്കുമ്പോഴും ഒന്നര കിലോഗ്രാം തണ്ടുകനമായി കച്ചവടക്കാർ കുറയ്ക്കുകയും ചെയ്യും. 


കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോയമ്പത്തൂർ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ചന്തകൾ അടച്ചിട്ടിരിക്കയാണ്. ഇതുമൂലം ഉപഭോഗത്തിൽ കുത്തനെ ഉണ്ടായ കുറവാണ് നേന്ത്രക്കുലയ്ക്കു ന്യായവില ലഭിക്കാത്തതിനു മുഖ്യ കാരണമെന്നു കർഷകരും കച്ചവടക്കാരും പറയുന്നു. സംസ്ഥാനത്തിനു പുറത്തുള്ള ചന്തകളിലേക്കു കയറ്റാൻ കഴിയാത്ത സാഹചര്യത്തിൽ നേന്ത്രക്കുല സംഭരണത്തിൽ മൊത്തക്കച്ചവടക്കാർ താൽപര്യം കാട്ടുന്നില്ല.നിലവിൽ പ്രാദേശിക വിപണികളിൽനിന്നു ശേഖരിക്കുന്ന നേന്ത്രക്കുലകളിൽ അധികവും എറണാകുളം, തൃശൂർ മാർക്കറ്റുകളിലേക്കാണ് കയറ്റുന്നത്. 
ജില്ലയിൽ ഏകദേശം 12,000 ഹെക്ടറിലാണ് വാഴക്കൃഷി. പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാൽ, തൊണ്ടർനാട്, വെളളമുണ്ട, എടവക, പൊഴുതന പഞ്ചായത്തുകളിൽ വാഴക്കൃഷി മുഖ്യ ഉപജീവനമാർഗമാക്കിയ ആയിരക്കണക്കിനു കർഷക കുടുംബങ്ങളുണ്ട്. 


ഇക്കുറി വേനൽമഴയിലും കാറ്റിലും വാഴക്കൃഷി വ്യാപകമായി നശിച്ചും കൃഷിക്കാർക്കു കനത്ത നഷ്ടമുണ്ടായി. ബാങ്കുകളിൽനിന്നു വായ്പയെടുത്തു കൃഷി നടത്തിയതിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കർഷകർ അങ്കലാപ്പിലാണ്. കടം വീട്ടാനും വീണ്ടും കൃഷിയിറക്കാനും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പലരും. ഏപ്രിൽ, മെയ് മാസങ്ങളിൽ  ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിനു വാഴകളാണ് നിലംപൊത്തിയത്. ഏപ്രിൽ പകുതിക്കു ശേഷം 6371 കർഷകരുടെ 3,17,980 കുലച്ച വാഴകൾ നശിച്ചു  79.21 കോടി രൂപയുടെയും 3,274 കർഷകരുടെ 5,47,210 കുലയ്ക്കാത്ത വാഴകൾ നശിച്ചു 21. 06 കോടി  രൂപയുടെയും നഷ്ടമാണ് ഉണ്ടായതായാണ്  കൃഷി വകുപ്പിന്റെ മെയ് ആദ്യവാരത്തെ കണക്കിൽ പറയുന്നത്. 
ഒരേ സ്ഥലത്തു തുടർച്ചയായി വാഴ കൃഷി നടത്തുന്നതുമൂലം മണ്ണിന്റെ ഗുണത്തിലുണ്ടായ ശോഷണം, വന്യജീവി ശല്യം എന്നിവയും കർഷകരെ ബാധിക്കുകയാണ്. മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു സമയവും പണവും ഇല്ലാത്ത അവസ്ഥയിലാണ് കർഷകർ.  പന്നി, കുരങ്ങ്, മയിൽ എന്നീ വന്യജീവികൾ വരുത്തുന്ന നാശം മൂലം വാഴക്കൃഷിക്കാർ നേരിടുന്ന ഉൽപാദന നഷ്ടം വലുതാണ്.  

 

Latest News