കണ്ണൂർ- ലോക്ഡൗൺ കാലത്ത് ഗാനാലാപനം മുതൽ ചിത്രരചന വരെയുള്ള കാര്യങ്ങൾ പലരും ചെയ്തിട്ടുണ്ട്. ചരിത്രരചന, അതും കായിക ചരിത്രരചന നടത്തി വരുന്ന ഒരാൾ മാത്രമേയുണ്ടാകൂ. അത് പേരാവൂരിലെ സെബാസ്റ്റ്യൻ ജോർജാണ്. ലോക പ്രശസ്ത വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ ഇളയ സഹോദരൻ. കേരള വോളിബോൾ ടീം മുൻ നായകൻ കൂടിയായ സെബാസ്റ്റ്യൻ ജോർജ് ഇന്ത്യൻ വോളിബോളിന്റെ ചരിത്രമാണ് എഴുതുന്നത്.
പേരാവൂർ തൊണ്ടിയിലെ കുടുക്കച്ചിറ കുടുംബത്തിൽ നിന്നും ലോകമറിയുന്ന താരമായി ഉയർന്ന വ്യക്തിത്വമാണ് ജിമ്മി ജോർജിന്റേത്. ജിമ്മിയുടെ സഹോദരങ്ങൾ എല്ലാവരും വോളി താരങ്ങളാണ്. കുടുംബ ടീമായി ഇവർ മത്സര രംഗത്തിറങ്ങുകയും നേട്ടങ്ങൾ കൊയ്യുകയും ചെയ്തിരുന്നു.
ഈ ടീമിൽ ഉൾപ്പെട്ട സെബാസ്റ്റ്യൻ ജോർജ് രണ്ട് പതിറ്റാണ്ട് കാലം വോളിബോൾ രംഗത്ത് സജീവമായിരുന്നു. ഇന്ത്യൻ വോളിബോൾ ചരിത്ര രചനയുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ നേരത്തേ തന്നെ തയാറെടുപ്പുകൾ നടത്തിയിരുന്നു. വിവര ശേഖരണം അടക്കം പൂർത്തിയാക്കുകയും ഇവയിൽ ചിലത് ഫേസ് ബുക്ക് പേജിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. കോവിഡ് ലോക് ഡൗണിനെത്തുടർന്ന് സമയം ലഭിച്ചതോടെ ഇതിന് തുടക്കമിടുകയായിരുന്നു. നാളിതു വരെയുള്ള വോളിബോൾ താരങ്ങളുടെ വിവരങ്ങളും ഫോട്ടോകളും ശേഖരിച്ചാണ് എഴുത്തു തുടങ്ങിയത്.
രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ കളിച്ചവരെക്കുറിച്ചുള്ള വിവര ശേഖരണവും പൂർത്തിയായി.1952 മുതൽ 2020 വരെയുള്ള ദേശീയ ചാമ്പ്യന്മാരെക്കുറിച്ചുള്ള വിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ടാവും. 1958 മുതൽ 2018 വരെയുള്ള ഏഷ്യൻ ഗെയിംസുകളിൽ 150 പേർ രാജ്യത്തിന് വേണ്ടി ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ഇവരിൽ 53 പേർ മലയാളികളാണ്. ചരിത്രരചന അവസാന ഘട്ടത്തിലാണ്. താമസിയാതെ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ കേരള ടീം ക്യാപ്റ്റനായ സെബാസ്റ്റ്യൻ, സർവകലാശാലാ ടീമുകൾക്കായും ടൈറ്റാനിയത്തിനായും ജഴ്‌സി അണിഞ്ഞിട്ടുണ്ട്. വോളിബോളിനെ സ്‌നേഹിക്കുന്നവർക്കായുള്ള ഒരു ഉപഹാരമാവും ഈ ഗ്രന്ഥമെന്നാണ് സെബാസ്റ്റ്യൻ ജോർജിന്റെ വിശ്വാസം.