കണ്ണൂർ- തീവണ്ടി സർവീസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ കണ്ണൂരിൽ നിന്നുള്ള എക്‌സ്പ്രസിന്റെ സർവീസ് പുനഃസ്ഥാപിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള ട്രെയിനുകൾ മുന്നറിയിപ്പില്ലാതെ റദ്ദു ചെയ്യുന്നതിനെതിരെ സി.പി.എം നേതൃത്വം കേന്ദ്ര സർക്കാറിനും റെയിൽവേക്കുമെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. സംസ്ഥാന സർക്കാറിന്റെ നിർദ്ദേശ പ്രകാരമാണ് ട്രെയിനുകൾ റദ്ദു ചെയ്തതെന്നായിരുന്നു ഇതിന് റെയിൽവേ നൽകിയ വിശദീകരണം. ഇതിന് പിന്നാലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ധി എക്‌സ്പ്രസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ റദ്ദു ചെയ്തത് നൂറുകണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പുലർച്ചെ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന
ഈ ട്രെയിനിൽ പോകുന്നതിനായി തലേന്ന് രാത്രി തന്നെ അഞ്ഞൂറോളം പേർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. തീവണ്ടി റദ്ദാക്കിയ വിവരം രാവിലെയാണ് അറിഞ്ഞത്. കണ്ണൂരിന് ശേഷമുള്ള സ്‌റ്റേഷനുകളിൽ ആരോഗ്യ വകുപ്പ് മതിയായ പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സർവീസ് കോഴിക്കോട്ടേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാർ കത്തു നൽകിയതാണ് കോഴിക്കോട്ടേക്ക് മാറ്റാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ നൽകിയ വിശദീകരണം.
എന്നാൽ ഇക്കാര്യം മറച്ചുവെച്ചാണ് സി.പി.എം നേതൃത്വം, കേന്ദ്ര സർക്കാറിനും റെയിൽവേക്കുമെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പുറപ്പെടുവിച്ച പ്രസ്താവന, വലിയ വിവാദമാവുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളെയും നാട്ടുകാരെയും ദ്രോഹിക്കുന്ന നടപടി റെയിൽവേ അവസാനിപ്പിക്കണമെന്നും പ്രഖ്യാപിച്ച ട്രെയിനുകൾ കൃത്യമായി ഓടിക്കണമെന്നുമാണ് ജയരാജന്റെ പ്രസ്താവനയിൻ പറഞ്ഞിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് സർക്കാർ എല്ലാ നടപടികളും പൂർത്തിയാക്കി വരികയാണെന്നും, ആരോഗ്യ വകുപ്പ് അധികൃതരുടേയോ ജില്ലാ ഭരണകൂടത്തിന്റെയോ കുറ്റം കൊണ്ടല്ല ട്രെയിനുകൾ റദ്ദാക്കിയതെന്നും ഇത്തരം പ്രചാരണം പച്ചക്കള്ളമാണെന്നും ജയരാജൻ ആരോപിച്ചിരുന്നു.
അതിനിടെ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് പ്രഖ്യാപിച്ച രണ്ട് ട്രെയിൻ സർവീസുകളും റദ്ദു ചെയ്തിരുന്നു. മതിയായ യാത്രക്കാരില്ലെന്ന കാരണം പറഞ്ഞാണിവ റദ്ദു ചെയ്തത്. ശ്രമിക് ട്രെയിനുകളിൽ ചുരുങ്ങിയത് 1200 യാത്രക്കാർ വേണം. എന്നാൽ കണ്ണൂരിൽ നിന്ന് 800 ൽ താഴെ പേർ മാത്രമേ യാത്രക്കാരായി രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകാൻ നിരവധി പേർ തയാറായി നിൽക്കുന്നുണ്ട്. കൂടുതൽ പേരെ എത്തിക്കുന്നതിന് ഔദ്യോഗിക തലത്തിലുണ്ടായ വീഴ്ചയാണിതിന് കാരണമെന്നാണ് പറയുന്നത്.
സംസ്ഥാന നോഡൽ ഓഫീസർ ബിശ്വാസ് സിൻഹ, നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജനശതാബ്ധിയുടെ കണ്ണൂർ സ്‌റ്റോപ്പും മംഗള, തുരന്തോ, നേത്രാവതി എക്‌സ്പ്രസുകളുടെ സംസ്ഥാനത്തിനകത്തെ പല സ്‌റ്റോപ്പുകളും ഒഴിവാക്കിയതെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. നോഡൽ ഓഫീസറുടെ കത്ത് വീണ്ടും ലഭിച്ചതോടെ ഇത് പുനഃസ്ഥാപിക്കാനാണ് തീരുമാനം.