റാസല്‍ഖൈമ- ദുബായ് കെ.എം.സി.സി അഴിക്കോട് മണ്ഡലം കമ്മിറ്റിയുടെ ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഒരു ദിവസം വൈകി വൈകിട്ട് 6.30ന് വിമാനം റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പറന്നുപൊങ്ങി. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 159 പേരാണ് യാത്ര ചെയ്യുന്നത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവായ 19 പേരുടെ യാത്ര മുടങ്ങി.
സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം ഇന്നലെ പുലര്‍ച്ചെ രണ്ടിന് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് വൈകിട്ട് ആറരയിലേക്ക് മാറ്റിയെങ്കിലും പുറപ്പെടാനായില്ല. പിന്നീട് രാത്രി 11.30ന് പറന്നുയരുമെന്ന് അറിയിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിവിധ എമിറേറ്റുകളില്‍നിന്നെത്തിയ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള യാത്രക്കാരെ ഇന്നലെ രാത്രി വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. ഇവര്‍ക്ക് മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു.