അബുദാബി- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24.6 കോടി രൂപ) മലയാളിക്ക്. അജ്മാനിലെ അല്‍ഹുദ ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈന്‍ മുഴിപ്പുറത്താണ് കോടതിപതിയായത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നുവെന്നും 27 വര്‍ഷമായി യുഎഇയിലുള്ള തനിക്ക് ദൈവം തന്ന റിട്ടയര്‍മെന്റ് സമ്മാനമാണിതെന്നും അസ്സൈന്‍ പറഞ്ഞു. നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് ഭാഗ്യംകൂടെ വന്നത്.
വയനാട്ടില്‍ എന്‍ജിനീയറിങിന് പഠിക്കുന്ന മക്കളായ സന ഫാത്തിമ അസ്സൈന്‍, എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈന്‍ എന്നിവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് പ്രഥമ പരിഗണന.
20–ാം വയസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കുറഞ്ഞ ശമ്പളത്തിനു ജോലിക്കെത്തിയതു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാണ്. പിന്നീട് ലൈസന്‍സെടുത്ത് ഡ്രൈവറായി ജോലി മാറി. ഈ ബേക്കറിയില്‍ 20 വര്‍ഷത്തിലേറെയായി.
ആകെയുള്ള ഏഴു സമ്മാനങ്ങളില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്.