- രജിസ്‌ട്രേഷൻ ആരംഭിച്ചു
ദോഹ - കോവിഡ് 19 പ്രതിസന്ധിയിൽ നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നവർക്കായി ചാർട്ടേഡ് വിമാന സൗകര്യമേർപ്പെടുത്താൻ കൾച്ചറൽ ഫോറം സംസ്ഥാന സമിതി തീരുമാനിച്ചു. ചാർട്ടേഡ് വിമാനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഖത്തറിൽ നിന്നും ചാർട്ടേഡ് വിമാനത്തിന് അനുമതി തേടി കൾച്ചറൽ ഫോറം ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകി.
ജോലി നഷ്ടപ്പെട്ടും സന്ദർശക വിസയിലെത്തിയും തിരിച്ച് പോകാൻ ടിക്കറ്റിന് പണമില്ലാത്ത തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേർക്ക് ചാർട്ടേഡ് വിമാനത്തിൽ സൗജന്യ യാത്ര അനുവദിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം, കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനാണ് കൾച്ചറൽ ഫോറം താൽക്കാലിക രജിസ്‌ട്രേഷൻ ആരംഭിച്ചത് . ഈ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രർ ചെയ്യാം. എന്നാൽ ഇന്ത്യൻ സർക്കാറിൽ നിന്നും സമ്പൂർണ്ണ അനുമതി ലഭിക്കുന്നതോടെ മാത്രമേ യാത്ര സാധ്യമാകുകയുള്ളുവെന്നും ഇത് താൽക്കാലിക രജിസ്‌ട്രേഷൻ മാത്രമാണെന്നും കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.
ഖത്തറിൽ നിന്നും നിയമപരമായി യാത്ര ചെയ്യാൻ അർഹതയുള്ള ഇന്ത്യൻ എംബസിയിൽ യാത്രക്കായി രജിസ്റ്റർ ചെയ്തവരാണ് കൾച്ചറൽ ഫോറം ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടത്. യാത്രക്കായ മുഴുവൻ അനുമതിയും ലഭിച്ചാൽ രജിസ്റ്റർ ചെയ്തവരുമായി ബന്ധപ്പെടുന്നതായിരിക്കും.
ചാർട്ടേഡ് വിമാന സർവീസുകൾ വളരെ അനിവാര്യമായ ഘട്ടത്തിൽ പ്രവാസി സംഘടനകൾ ചെയ്യേണ്ടി വരുന്ന സേവനമാണെന്നും എന്നാൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി നാട്ടിലേക്ക് തിരിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികൾക്കും യാത്ര സൗകര്യമൊരുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്നും കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. ഇപ്പോൾ നടത്തുന്ന വിമാന സർവീസ് എംബസിയിൽ ലഭിച്ച രജിസ്‌ട്രേഷനുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ അപര്യാപ്തമാണെന്നും കൾച്ചറൽ ഫോറം സംസ്ഥാന സമിതി വിലയിരുത്തി. യോഗത്തിൽ പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു.