കൊച്ചി- ഓൺലൈൻ ക്ലാസ് നഷ്ടമായതിനെ തുടർന്ന് ദേവികയെന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം വേദനിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സൗജന്യവിദ്യാഭ്യാസം നൽകുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്താണ് ഇത്തരമൊരു ആത്മഹത്യയുണ്ടായതെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകാത്തതു മൂലം മലപ്പുറം സ്വദേശിനി ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.
കൊല്ലം ജില്ലയിലെ ഒരു സിബിഎസ്ഇ വിദ്യാലയം സ്കൂൾ ഫീസ് കൂടാതെ മറ്റു ഫീസുകളും ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് ഈടാക്കുന്നുവെന്ന് കാണിച്ച് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവേയാണ് കോടതി ദേവികയുടെ മരണം പരാമർശിച്ചത്.
സ്കൂൾ ഫീസ് കൂടാതെ ബസ് ഫീസും മറ്റും ഇപ്പോൾ ഈടാക്കുന്നില്ല, എന്നാൽ ഇതിനുപകരമായി പണം സമ്പാദിക്കുന്നതിന് വേണ്ടി മറ്റു പല തരത്തിലുമുള്ള ഫീസ് കൊല്ലത്തെ സ്കൂൾ ഈടാക്കുന്നുവെന്നായിരുന്നു ഹരജിയിലെ പരാതി.
പൊതുതാല്‍പര്യ സ്വഭാവമുള്ളതിനാല്‍ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റി. ഹരജി വ്യാഴാഴ്ച പരിഗണിക്കും.