കൊച്ചി- മൂന്നൂമാസമായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികളുടെ സങ്കടം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് വി.ഡി സതീശൻ എം.എൽ.എ. ദുബായിൽനിന്നുള്ള വിദേശികളുടെ വീഡിയോയാണ് സതീശൻ പങ്കുവെച്ചത്. വിദേശരാജ്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് ഗൾഫിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കങ്ങൾ തുടരുന്നത് ആശാസ്യമല്ലെന്നും പരമാവധി ആളുകളെ കൊണ്ടുവരാനും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താനുമാണ് സംസ്ഥാനം ആവശ്യപ്പെടേണ്ടതെന്നും സതീശൻ പറഞ്ഞു. ആളുകൾ വരുന്നതിനനുസരിച്ച് എയർപോർട്ടുകളിൽ പരിശോധന നടത്തേണ്ടതും, ക്വാറന്റെൻ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതും സംസ്ഥാന സർക്കാർ തന്നെയാണ്. അതാണല്ലോ നമ്മൾ എല്ലാ കാര്യത്തിനും സുസജ്ജമാണ് എന്ന് പറയുന്നതിന്റെ അർത്ഥം.
ഇത് രാഷ്ട്രീയമായി സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ പറയുന്നതല്ല. പ്രതിദിനം രാവും പകലുമില്ലാതെ ദുരിതങ്ങളും സങ്കടങ്ങളും പറയാൻ വിദേശത്ത് നിന്ന് ഒരു 300 ഫോണെങ്കിലും ലഭിക്കുന്ന ഒരു ജനപ്രതിനിധിയുടെ ആവശ്യമായി എടുത്താൽ മതിയെന്നും സതീശൻ പറഞ്ഞു. ഇത് കേൾക്കൂ. ഇത് കേട്ടാൽ പിന്നെ ശരിക്കൊന്ന് ഉറങ്ങാൻ പറ്റുമോ?