കോഴിക്കോട്- പ്രവാസികളെ തിരികെ കൊണ്ടുവരാൻ കേന്ദ്ര-കേരള സർക്കാറുകൾ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് നാളെ മുതൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ചു. രണ്ടര ലക്ഷം പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ സൗകര്യമൊരുക്കി എന്ന് അവകാശപ്പെട്ട കേരളം ഇപ്പോൾ ഇക്കാര്യത്തിൽ പിന്നോക്കം പോയിരിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പ്രവാസികൾ വിദേശത്ത് മരിച്ചു വീഴുകയാണ്. അപ്പോഴും കേന്ദ്ര- കേരള സർക്കാറുകൾ അവഗണന തുടരുന്നു. അതിനാൽ സമരം ശക്തമാക്കേണ്ട സമയമായിരിക്കുന്നു. യൂത്ത് ലീഗ് സമര രംഗത്തിറങ്ങുകയാണ്. ഇന്ന് വൈകിട്ട് ഫൈസ്ബുക്ക് ലൈവിലൂടെ കേന്ദ്ര-കേരള സർക്കാറുകളോട് നാം ചോദ്യങ്ങൾ ചോദിക്കുകയാണ്. നാളെ പ്രത്യക്ഷ സമരവും. എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
കേന്ദ്ര-കേരള സർക്കാറുകളോട് പ്രവാസികൾക്ക് വേണ്ടി ലൈവിലൂടെ ചോദിക്കേണ്ട പത്ത് ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. ഈ വിഷയങ്ങൾ ഓരോരുത്തർക്കും വിശദീകരിച്ച് സംസാരിക്കാം. പ്രവാസികളും ഇതിൽ പങ്കെടുക്കണം. ഇതിനോടൊപ്പം തങ്ങളുടെ അനുഭവങ്ങളും ലൈവിലുടെ പങ്ക് വെക്കാം.
1) ലോക്ക്ഡൗൺ മൂലം കുടുങ്ങിപ്പോയ പ്രവാസികളെ ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്ത് തിരികെ കൊണ്ടു വരാൻ എന്തിനാണ് ഇനിയും മടി കാണിക്കുന്നത്?
2) രണ്ടര ലക്ഷം പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ എല്ലാ സൗകര്യങ്ങളുമാരുക്കി എന്ന പച്ചക്കള്ളം എന്തിനായിരുന്നു അവകാശപ്പെട്ടത്?
3) പ്രവാസികൾ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന് പറഞ്ഞ് എന്തിനായിരുന്നു അവരെ അപമാനിച്ചത്?
4)നോർക്കയിൽ അപേക്ഷ നൽകിയവർക്ക് അടിയന്തിര സഹായമായി അയ്യായിരം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് എന്ത് കൊണ്ടാണ് വിതരണം ചെയ്യാത്തത്?
5) വിദേശ രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞവർക്ക് എന്ത് കൊണ്ടാണ് ധന സഹായം പ്രഖ്യാപിക്കാത്തത്?
6) പ്രവാസി വെൽഫയർ ഫണ്ടിൽ നിന്ന് എന്ത് കൊണ്ടാണ് ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ പണമനുവദിക്കാത്തത്?
7) നാട്ടിലേക്ക് മടങ്ങി വരുന്ന തൊഴിൽ നഷ്ടപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും വിമാന ടിക്കറ്റിനുള്ള പണം എന്ത് കൊണ്ടാണ് സർക്കാർ ഏറ്റെടുക്കാത്തത്?
8 ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും എന്ത് കൊണ്ടാണ് പാവപ്പെട്ട പ്രവാസികൾക്ക് പണമനുവദിക്കാത്തത്?
9) പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വാചകക്കസർത്തല്ലാതെ എന്ത് പാക്കേജാണ് പ്രവാസികൾക്കായി പ്രഖ്യാപിച്ചത്?
10) കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾ കേരളത്തിന് ദുരിതമുണ്ടാകുമ്പോൾ കയ്യയച്ച് സഹായിക്കുമ്പോൾ അവർക്കൊരു ദുരിതം വന്നപ്പോൾ ആട്ടിയകറ്റുന്നത് നന്ദികേടല്ലേ?