കോഴിക്കോട്- പൂച്ചയുടെ കഥ പറഞ്ഞ് ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഒന്നാം ക്ലാസ്സുകാരെ പിടിച്ചിരുത്തി പ്രശംസ നേടിയ സായ് ടീച്ചര്‍ക്ക് ഒരു കാര്യമേ പറയാനുള്ളു. ശമ്പളം കിട്ടാന്‍കൂടി ഈ പിന്തുണ ഉപയോഗിക്കണം.
കോഴിക്കോട് മുതവടത്തൂര്‍ വി.വി.എല്‍.പി.സ്‌കൂളിലാണ് സായ് അധ്യാപികയായി ജോലി ചെയ്യുന്നത്. എയ്ഡഡ് സ്‌കൂളാണ്. ക്ലാസ്സെടുത്ത് താരമാകുന്നതിനൊക്കെ മുമ്പേ ടീച്ചര്‍ ഫേയ്‌സ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'അഭിമാനത്തോടെ പറയട്ടെ, ഞാനും ഒരു അധ്യാപികയാണ്. എയ്ഡഡ് സ്‌കൂളില്‍ അംഗീകാരം കാത്തിരിക്കുന്നു. ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍. എങ്കിലും ഈ മഹാമാരി യുടെ സാഹചര്യത്തില്‍ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സര്‍ക്കാരിലേക്കു നല്‍കുന്നു, പൂര്‍ണ്ണമനസ്സോടെ എന്നതായിരുന്നു ഏപ്രില്‍ 29 ന് സായി ടീച്ചര്‍ ചെയ്ത പോസ്റ്റ്.
വലിയ ട്രോളുകള്‍ക്ക് ഇരയാകേണ്ടി വന്നുവെങ്കിലും വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണ ഏറെ സന്തോഷം നല്‍കുന്നുണ്ട് സായി ടീച്ചര്‍ക്ക്. കഥപറഞ്ഞ് പാട്ടുപാടി ഡാന്‍സ് കളിച്ചുതന്നെയാണ് ഒന്നാംക്ലാസില്‍ പഠനം തുടങ്ങേണ്ടതെന്ന് ടീച്ചര്‍ പറയുന്നു.