ദുബായ്- കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ദുബായില്‍ ദുരിതത്തിലായ 200 ഓളം ഘാനക്കാരുടെ കണ്ണീരൊപ്പാന്‍ തയാറായി യു.എ.ഇ സ്വദേശി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത വ്യക്തി ഈ ദുരിതബാധിതര്‍ക്ക് ജബല്‍അലിയില്‍ താല്‍ക്കാലിക താമസ സൗകര്യം സജ്ജമാക്കുകയായിരുന്നു. കോവിഡ് 19 കാരണം ജോലിയും വേതനവുമില്ലാതെ കഷ്ടപ്പെട്ട ഇവര്‍ക്ക് താമസസ്ഥലവും നഷ്ടപ്പെടുകയായിരുന്നു. ഒരു മാസത്തിലേറെയായി ഇവര്‍ സ്വത്വയിലെ ഒരു പാര്‍ക്കിലാണ് അന്തിയുറങ്ങിയിരുന്നത്. ഘാനക്കാരായ ഒരു സംഘം അങ്ങേയറ്റം കഷ്ടപ്പെടുന്നതായി അറിഞ്ഞ് ഇവരെ സഹായിക്കാന്‍ ഒത്തുചേര്‍ന്ന യു.എ.ഇയിലെ ഒരു കൂട്ടായ്മ മുഖേനയാണ് യു.എ.ഇ പൗരന്റെ സഹായം ലഭ്യമായത്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ വിമാനങ്ങളും മറ്റു രേഖകളും റെഡിയാവാനുള്ള കാത്തിരിപ്പിലായിരുന്നു ഇവര്‍.
യു.എ.ഇ കൂട്ടായ്മ ഇവര്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുകയും ആവശ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും ഫെയ്‌സ് ബുക്ക് വളണ്ടിയര്‍ ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തിരുന്നു. യു.എ.ഇ സ്വദേശിയായ ഡേവിഡ് ടസ്സിംഗ് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത പുറം ലോകത്തെ അറിയച്ചത്. ഭവന രഹിതരായ ഘാനക്കാര്‍ക്ക് ജബല്‍അലിയില്‍ സൗകര്യം ഒരുക്കിയ യു.എ.ഇ സ്വദേശിക്ക് നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹം ആരെന്നറിയില്ലെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദുരിതത്തിലായിരുന്ന ഘാനക്കാരുടെ ഫോട്ടോയും ഡേവിഡ് ടസ്സിംഗ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.