കുവൈത്ത് സിറ്റി- കുവൈത്തിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ വേതനം കുറക്കാൻ അനുവദിക്കുന്ന തൊഴിൽ നിയമ ഭേദഗതിക്ക് നീക്കം. കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച സ്വകാര്യ കമ്പനികളെ, തൊഴിലാളികളുമായി ധാരണയിലെത്തി വേതനം കുറക്കാൻ അനുവദിക്കുന്ന നിലക്ക് നിയമത്തിൽ ഭേദഗതി വരുത്താനാണ് ശ്രമം. കൊറോണ പ്രതിസന്ധി തൊഴിൽ വിപണിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കരടു ഭേദഗതി പാർലമെന്റിലെ ധനകാര്യ കമ്മിറ്റിക്ക് ഗവൺമെന്റ് കൈമാറിയിട്ടുണ്ട്. കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ സർക്കാർ ബാധകമാക്കുന്ന കാലത്തു മാത്രമാണ് നിയമ ഭേദഗതി പ്രാബല്യത്തിലുണ്ടാവുക. മുൻകരുതൽ നടപടികൾ അവസാനിക്കുന്നതോടെ നിയമ ഭേദഗതി നടപ്പാക്കുന്നതും നിർത്തിവെക്കും.
മുൻകരുതൽ നടപടികളുടെ ഫലമായി സ്വകാര്യ കമ്പനികളുടെ പ്രവർത്തനങ്ങൾ പൂർണമായോ ഭാഗികമായോ നിലക്കുന്ന കാലത്ത് മിനിമം വേതനത്തിൽ കുറയാത്ത കുറഞ്ഞ വേതനത്തോടെ തൊഴിലാളികൾക്ക് പ്രത്യേക അവധി നൽകാൻ സ്വകാര്യ മേഖലയെ അനുവദിക്കാൻ നിർദിഷ്ട നിയമ ഭേദഗതി തൊഴിൽ മന്ത്രിക്ക് അധികാരം നൽകുന്നു. മന്ത്രിസഭാ തീരുമാന പ്രകാരം ബിസിനസ് പ്രവർത്തനങ്ങൾ നിർത്തിവെക്കുന്ന കാലത്താണ് ഇങ്ങിനെ കുറഞ്ഞ വേതനത്തോടെ ജീവനക്കാർക്ക് പ്രത്യേക അവധി നൽകാൻ സ്വകാര്യ മേഖലക്ക് അനുവാദമുണ്ടാവുക.
വേതനം പരമാവധി 50 ശതമാനം വരെ കുറക്കാൻ തൊഴിലാളികളുമായി ധാരണയുണ്ടാക്കാനും കരടു നിയമ ഭേദഗതി തൊഴിലുടമകളെ അനുവദിക്കുന്നു. വേതനം കുറക്കുന്നതിന് അനുസൃതമായി തൊഴിലാളികളുടെ യഥാർഥ തൊഴിൽ സമയത്തിൽ കുറവ് വരുത്തുന്ന കാര്യവും പ്രത്യേകം പരിഗണിക്കണം. ഒരു സാഹചര്യത്തിലും മിനിമം വേതനത്തിലും കൂടുതലായി വേതനം കുറക്കാൻ പാടില്ല. കുറക്കുന്നതിനു മുമ്പുള്ള വേതനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്വകാര്യ മേഖലാ ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ കണക്കാക്കേണ്ടത്. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് ഗവൺമെന്റ് ധനസഹായ പദ്ധതിയും തൊഴിലില്ലായ്മ വേതന പദ്ധതിയും പ്രയോജനപ്പെടുത്തും.
നിലവിലെ സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തിൽ സന്തുലനം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് കുവൈത്ത് ഗവൺമെന്റ് പറഞ്ഞു. കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന കാലത്ത് താൽക്കാലികമായി മാത്രമാണ് നിയമ ഭേദഗതി പ്രാബല്യത്തിലുണ്ടാവുക. കൊറോണ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട നിയമങ്ങളിലെ കുറവ് നികത്താനാണ് പുതിയ ഭേദഗതിയിലൂടെ ശ്രമിക്കുന്നതെന്നും കുവൈത്ത് ഗവൺമെന്റ് പറഞ്ഞു.