കണ്ണൂർ- ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ സ്മാർട്ട് ഫോൺ വിപണിക്ക് പുതുജീവൻ നൽകി സർക്കാരിന്റെ ഓൺലൈൻ ക്ലാസ്. സ്‌കൂൾ, കോളേജ് തലങ്ങളിൽ പതിവുപോലെ ജൂൺ ഒന്നിന് ക്ലാസ് ആരംഭിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും പരക്കം പായുന്നത് പുസ്തകങ്ങൾക്കും ബാഗുകൾക്കുമായല്ല, പകരം സ്മാർട്ട് ഫോണിനായാണ്. എന്നാൽ സ്മാർട്ട് ഫോൺ വിപണിയിൽ ഇതുവരെ ദൗർലഭ്യം നേരിട്ട് തുടങ്ങിയിട്ടില്ല.
സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ ടി.വിയിലൂടെയാണ് ക്ലാസുകളിൽ പങ്കാളികളാവുന്നത്. എന്നാൽ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ സ്മാർട്ട് ഫോൺ വഴിയാണ് ക്ലാസ് നൽകുന്നത്. പല സ്വകാര്യ വിദ്യാലയങ്ങളും പത്തു ദിവസം മുമ്പുതന്നെ ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. നിശ്ചിത സമയം നൽകിയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതെങ്കിലും, ഒന്നിൽ കൂടുതൽ കുട്ടികൾ വ്യത്യസ്ത സ്‌കൂളുകളിൽ പഠിക്കുന്നവരുള്ള വീടുകളിലാണ് സ്മാർട് ഫോണിന് ആവശ്യം വർധിച്ചത്.
താരതമ്യേന ചെറിയ വിലയുള്ള സ്മാർട്ട് ഫോണിനാണ് ആവശ്യക്കാർ ഏറെയുള്ളത്. ഇവ ആവശ്യത്തിന് ലഭ്യമാണ്. എന്നാൽ പഴയ ഫോണുകൾ റിപ്പയർ ചെയ്യാനുള്ള ചില രക്ഷിതാക്കളുടെ നീക്കം നടക്കുന്നില്ല. കാരണം പല ഫോണുകളുടെയും സ്‌പെയർ പാർട്‌സുകൾ കിട്ടാനില്ല. ലോക് ഡൗൺമൂലം സാധനങ്ങൾ എത്താത്തതാണ് കാരണം. കൂടാതെ ഒന്നിൽ കൂടുതൽ ഫോണുകളിൽ കണക്ഷൻ നൽകാനുള്ള ഇന്റർനെറ്റ് റൂട്ടറും കിട്ടാനില്ല. ഏറ്റവും കൂടുതൽ വിപണി കീഴടക്കിയ ജിയോയുടെ റൂട്ടറടക്കം ലഭ്യമല്ല. 2500 രൂപയോളം വിലയുള്ള ഇവ അന്വേഷിച്ച് നിരവധി പേർ ഷോറൂമുകളിൽ എത്തുന്നുണ്ട്.
സർക്കാർ സ്‌കൂളുകളിലെ സിലബസ് അനുസരിച്ച് വിക്ടേഴ്‌സ് ചാനൽ വഴിയാണ് അധ്യയനം. ടി.വിയില്ലാത്ത വീടുകളിലെ കുട്ടികൾക്ക് വായനശാലകളിലും അയൽ വീടുകളിലുമടക്കം സൗകര്യങ്ങൾ പ്രാദേശിക തലത്തിൽ സന്നദ്ധ പ്രവർത്തകർ ഏർപ്പെടുത്തുന്നുണ്ട്. എന്നാൽ ഇവിടെ പലയിടത്തും വില്ലനാവുന്നത് വൈദ്യുതിയാണ്. കാലവർഷം ആരംഭിച്ചതോടെ മലബാർ മേഖലയിൽ വൈദ്യുതി മുടക്കം പതിവാണ്.
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പുതിയ അധ്യയന രീതി വിദ്യാർഥികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും കൗതുകമാവുകയാണ്. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഈ അധ്യയന രീതിയിൽ ഉള്ളതിനാൽ
അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഇത് ഒരു പോലെ പ്രയോജനപ്പെടുന്നുവെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
ആറളം പുനരധിവാസ മേഖലയിലടക്കം പലയിടത്തും പുതിയ അധ്യയന ശൈലി എത്രത്തോളം ഗുണം ചെയ്യുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവൂ. പല കുട്ടികളും ക്ലാസ് ആരംഭിച്ചതുപോലും അറിഞ്ഞിട്ടില്ല.
ഡിജിറ്റൽ അധ്യയന വർഷത്തിന് മുന്നോടിയായി അധ്യാപകർക്കുള്ള ഹലോ ഇംഗ്ലീഷ് പരിശീലനം നേരത്തെ തന്നെ യൂട്യൂബിലും വാട്‌സ്ആപ്പിലുമായി പൂർത്തിയാക്കിയിരുന്നു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വലിയ താത്പര്യത്തോടെ കഴിഞ്ഞ വർഷം സ്വീകരിച്ച ഇംഗ്ലീഷ് പഠന പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ അധ്യാപക പരിശീലനമാണ് വീഡിയോ ട്യൂട്ടോറിയലുകളായി യൂട്യൂബിലെ എട്ട് ലിങ്കുകളിലൂടെ നൽകിയത്. കൂടാതെ സമഗ്ര ശിക്ഷാ കേരളയുടെ വെബ് പോർട്ടലിലും വീഡിയോ ലഭ്യമാക്കിയിരുന്നു. സർക്കാർ തലത്തിൽ ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ കഌസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. ടി.വിയോ സ്മാർട്‌ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത കുട്ടികൾക്ക് പ്രഥമാധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എകളുടെയും സഹായത്തോടെ അത് ഏർപ്പെടുത്താനാണ് സർക്കാർ നിർദേശം.
കൈറ്റ്, സ്‌കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലെത്തിച്ച് ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.