കൊല്ലം- ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചത് സൂരജിന്റെ അമ്മ രേണുകയുടെ അറിവോടെയാണ് അച്ഛന്‍ സുരേന്ദ്രന്റെ മൊഴി. സ്വര്‍ണാഭരണങ്ങള്‍ ഉത്രയുടേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ സൂരജിന്റെ
അമ്മ രേണുക, സഹോദരി സൂര്യ എന്നിവരേയും ചോദ്യം ചെയ്തു.
ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചതില്‍ അമ്മ രേണുകക്ക് പങ്കുണ്ടെന്ന നിര്‍ണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വീടിനു പുറകിലെ റബര്‍ തോട്ടത്തില്‍ രണ്ട് കുഴികളിലായാണ് സ്വര്‍ണം ഒളിപ്പിച്ചതെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കി. ഇക്കാര്യം സൂരജിന്റെ അമ്മ രേണുകയും അറിഞ്ഞിരുന്നു എന്നും സുരേന്ദ്രന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സ്വര്‍ണം ഉത്രയുടേത് തന്നെയാണെന്ന് അമ്മ മണിമേഖലയും സഹോദരനും തിരിച്ചറിഞ്ഞു. ഉത്രയുടെ താലിമാലയും കുഞ്ഞിന്റെ ആഭരണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം പൂര്‍ണമായും കണ്ടെടുത്തിട്ടില്ലെന്ന് അമ്മ പറഞ്ഞു.വിവാഹ ആല്‍ബം പോലീസിനു കൈമാറി.
കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സൂരജിനേയും സുരേന്ദ്രനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. സൂരജ് കൃത്യമൊഴി നല്‍കിയപ്പോഴും സുരേന്ദ്രന്‍ കളവുകള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. തെളിവ് നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ്.പി പറഞ്ഞു.
ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെന്ന് അച്ഛന്‍ വിജയസേനനും പറഞ്ഞു. സൂരജിന്റെ അമ്മയും സഹോദരി സൂര്യയും പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ നേരിടുകയാണ്.